
തീപിടിത്തത്തിൽ നശിച്ച വാർസോയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ
വർഷങ്ങളായി യുക്രെയ്നുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന റഷ്യ മറ്റു ചില രാജ്യങ്ങൾക്കെതിരെ രഹസ്യമായ ആഗ്നേയ യുദ്ധ മുറകളിലാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ലിത്വാനിയ, പോളണ്ട്, ലാത്വിയ എന്നിവിടങ്ങളിൽ തീവെയ്പ്പ് അക്രമങ്ങൾ നടത്താൻ റഷ്യൻ സൈനിക ഇന്‍റലിജൻസ്(ജിആർയു) ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ലിത്വാനിയൻ പ്രോസിക്യൂട്ടറുടെ ഓഫീസ് ആരോപിക്കുന്നു. പോളിഷ് അധികൃതർ റഷ്യൻ തീവെയ്പ് യുദ്ധത്തിനെതിരെ സംയുക്തമായ അന്വേഷമാണ് നടത്തുന്നത്. ഒരു പ്രതിയെ പോളണ്ടിൽ കസ്റ്റഡിയിൽ എടുത്തു. 2024ൽ വിൽനിയസിലെ ഒരു ഐകെഇഎ വെയർ ഹൗസിലും വാർസോയിലെ ഒരു ഷോപ്പിങ് സെന്‍ററിലും റഷ്യയുടെ ഇന്‍റലിജൻസ് സർവീസുകൾ തീപിടിത്തം ആസൂത്രണം ചെയ്തതായി ലിത്വാനിയൻ അധികൃതർ സംശയിക്കുന്നു എന്ന് ലിത്വാനിയയുടെ എൽആർടി ബ്രോഡ്കാസ്റ്റർ മാർച്ച് 17 ന് റിപ്പോർട്ട് ചെയ്തു.
2024 മെയ് 9 ന് വിൽനിയസിലെ ഐകെഇഎ വെയർഹൗസിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 500,000 യൂറോ നാശനഷ്ടമുണ്ടായിരുന്നു. സംഭവത്തെ ഭീകരാക്രമണമായി കണ്ട അന്വേഷകർ റഷ്യ റിക്രൂട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന രണ്ടു യുക്രെയ്നിയൻ പൗരന്മാരെ പിടികൂടി. ഇതിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. ഈ സംഭവം നടന്നപ്പോൾ ജീവനക്കാരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും പെട്ടെന്നുള്ള പ്രതികരണം ഇല്ലായിരുന്നു എങ്കിൽ തീപിടിത്തം മുഴുവൻ ഷോപ്പിങ് സെന്‍ററും നശിപ്പിക്കുമായിരുന്നു എന്ന് ലിത്വാനിയൻ ക്രിമിനൽ ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവി സൗലിയസ് ബ്രിജിനാസ് പറയുന്നു.
2024 മെയ് 12 ന് 1400 സ്റ്റോറുകളുള്ള വാർസോയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ തീപിടിത്തത്തിൽ നശിച്ചു. റഷ്യൻ ഇന്‍റലിജൻസ് സർവീസുകളുമായി ഈ സംഭവത്തിനു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. റഷ്യൻ ആക്രമണത്തിനെതിരേ യുക്രെയ്നെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള റഷ്യയുടെ ഏകോപിത ശ്രമമാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തുടർച്ചയായി വൻ തോതിൽ തീ വയ്പ് നടത്തുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ.
ലിത്വാനിയൻ പ്രോസിക്യൂട്ടറുടെ അന്വേഷണം ശരിയാണെന്നും റഷ്യൻ രഹസ്യ ഏജൻസികളാണ് വൻ തീവയ്പുകളുടെ പിന്നിലെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എക്സിൽ പോസ്റ്റ് ചെയ്തു.
റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്കു മുമ്പേ ഇത് അറിഞ്ഞത് നന്നായി എന്നും പോളിഷ് പ്രധാനമന്ത്രി കുറിച്ചു. ട്രംപ് ഭരണകൂടം കൈവിനും മോസ്കോയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യുക്രെയ്നെതിരായ മോസ്കോയുടെ സമഗ്രമായ ആക്രമണത്തെ തുടർന്ന് നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു.
റഷ്യയുടെ വർധിച്ചു വരുന്ന ആക്രമണ നിലപാട് ചൂണ്ടിക്കാട്ടി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യൂറോപ്പിൽ വലിയ തോതിലുള്ള യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാശ്ചാത്യ നേതാക്കളും രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. എന്നാൽ അട്ടിമറി സംഭവങ്ങളിൽ മോസ്കോ പങ്കാളിത്തം നിഷേധിക്കുകയും അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുകയുമാണ് ഉണ്ടായത്.