
ഭൂമിയിലേക്ക് തിരികെ സഞ്ചരിക്കേണ്ട പേടകത്തിൽ തകരാർ സംഭവിച്ചതിനെത്തുടർന്നു യാത്രികരെ രക്ഷിക്കാൻ പുതിയ പേടകമയച്ച് റഷ്യ. ചെറിയ ഉൽക്ക ഇടിച്ചതിനെ തുടർന്നാണു പേടകത്തിൽ തകരാർ സംഭവിച്ചത്. അത്തരമൊരു പേടകത്തിൽ തിരികെ സഞ്ചരിക്കുന്നതു അപകടകരമായതിനാലാണു പുതിയ രക്ഷാപേടകം അയച്ചത്. രണ്ടു റഷ്യൻ യാത്രികരും, ഒരു അമെരിക്കൻ യാത്രികനുമാണു നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. റഷ്യ വിക്ഷേപിച്ച റെസ്ക്യൂ ഷിപ്പ് ഞായറാഴ്ച്ച ലക്ഷ്യസ്ഥാനത്തെത്തും.
റഷ്യൻ കോസ്മോനട്ടുകളായ ദിമിത്രി പെറ്റലിൻ, സർഗയ് പ്രൊപ്പോക്യേവ് അമെരിക്കൻ ആസ്ട്രോനട്ട് ഫ്രാങ്ക് റൂബിയോ എന്നിവരെ തിരികെയെത്തിക്കുകയാണു രക്ഷാപേടകത്തിന്‍റെ ദൗത്യം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബഹിരാകാശ നിലയത്തിൽ എത്തിയത്. മാർച്ച് അവസാനം വരെ നിലയത്തിൽ തുടരാനാണു തീരുമാനിച്ചിരുന്നതെങ്കിലും, പേടകത്തിനു തകരാർ സംഭവിച്ചതിനാൽ നേരത്തെ മടങ്ങാൻ ഉറപ്പിക്കുകയായിരുന്നു.