
റഷ്യ-യുക്രെയ്ൻ ചർച്ച മേയ് 15 ന്
file photo
മോസ്കോ: തുർക്കിയിലെ ഇസ്താംബുളിൽ മേയ് 15 ന് നേരിട്ടുള്ള സമാധാന ചർച്ചയ്ക്കുള്ള റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ ക്ഷണം സ്വീകരിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കി. 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് തയാറാണെന്ന് യുക്രെയ്ൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുടിന്‍റെ പ്രതികരണം. സമാധാനശ്രമത്തെ സ്വാഗതം ചെയ്യുന്നു എന്നും റഷ്യ ഉടൻ തന്നെ വെടിനിർത്തലിനു തയാറാകുമെന്നാണ് പ്രതീക്ഷയെന്നും സെലൻസ്കി പറഞ്ഞു.
വിജയ ദിനാഘോഷത്തോട് അനുബന്ധിച്ച് റഷ്യ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ വെടിനിർത്തലിനു പിന്നാലെയാണ് അമെരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുൻകൈയെടുത്ത് സമാധാന നിർദേശം മുന്നോട്ടു വച്ചത്.
വെടിനിർത്തൽ കരാറിന് രൂപം നൽകാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, പോളണ്ട് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാർ ശനിയാഴ്ച യുക്രെയ്നിൽ എത്തിയിരുന്നു. എന്നാൽ 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് റഷ്യ തയാറാകണമെന്ന യൂറോപ്യൻ യൂണിയന്‍റെ അന്ത്യശാസനം പുടിൻ തള്ളി. അതിനു പകരമാണ് 15ന് മുന്നുപാധികളില്ലാത്ത സമാധാന ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് അറിയിച്ചത്.