റഷ്യയുടെ ആക്രമണം; കീവിൽ ഒരാൾ കൊല്ലപ്പെട്ടു, 8 പേർക്ക് പരുക്ക്

ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം
Representative image

പ്രതീകാത്മക ചിത്രം

Updated on

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് ആക്രമണം.

ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണം മണിക്കൂറുകളോളം തുടർന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനമുണ്ടായി. ആക്രമണത്തെ തുടർന്ന് നഗരത്തിലെ അഞ്ചിടങ്ങളിൽ തീപിടിത്തമുണ്ടായി. നിരവധി പാർപ്പിട കെട്ടിടങ്ങൾ, ഓഫീസ് സമുച്ചയങ്ങൾ, വ്യാവസായിക സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, വാഹനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.

സ്വിയാറ്റോഷിൻസ്കി ജില്ലയിൽ തീപിടിച്ച വീട്ടിൽ നിന്ന് നാലു പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. ഷെവ്‌ചെൻകിവ്സ്കി ജില്ലയിൽ തീപിടിച്ച മൂന്നു നില കെട്ടിടത്തിൽ കുടുങ്ങിയവരെയും രക്ഷപ്പെടുത്തി. പിന്നാലെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. സൊലോമ്യാൻസ്കി, ഡെസ്നിയാൻസ്കി, ഡ്നിപ്രോ എന്നീ ജില്ലകളിലും തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

അടുത്തിടെ കീവിനെ ലക്ഷ്യമിട്ട് റഷ്യ നിരവധി വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. റഷ്യൻ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ അമെരിക്കൻ നിർമിത പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകളുടെ ക്ഷാമം യുക്രെയ്ൻ നേരിടുന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ തുടരുന്നത്.

യുക്രെയ്ന് പാട്രിയറ്റ് ഇന്‍റർസെപ്റ്റർ മിസൈലുകൾ നിർമിക്കാൻ ലൈസൻസ് നൽകാൻ തയ്യാറാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇത് യുക്രെയ്ന്‍റെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുസംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

logo
Metro Vaartha
www.metrovaartha.com