

2026 മാർച്ച് 8 ന് സാൻ ജോസ് റെസ്റ്റോറന്റിന് പുറത്ത് രണ്ട് പുരുഷന്മാരിൽ ഒരാളെ മർദിക്കുന്നതായി കാണിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട്
(X used in accordance with clause 27a of the Copyright Act)
കാലിഫോർണിയ: ഇറാനെ തൊട്ടു കളിക്കരുത് എന്നും ജൂതനോടു യുദ്ധം ചെയ്യുക എന്നും ആക്രോശിച്ചു കൊണ്ട് അമെരിക്കയിലെ സാൻജോസ് റെസ്റ്റൊറന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് അമെരിക്കൻ ഇസ്രയേലികളെ റെസ്റ്റൊറന്‍റിനു പുറത്തിട്ട് മർദ്ദിച്ച് അവശരാക്കി അജ്ഞാതൻ. അടിയുടെ ആഘാതത്തിൽ ഒരാൾ ബോധരഹിതനായി വീണു. മറ്റൊരാൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റു. ആഴത്തിൽ ഏറ്റ മുറിവുകൾക്ക് നിരവധി കുത്തിക്കെട്ടുകളും വേണ്ടി വന്നു. റെസ്റ്റൊറന്‍റിനു പുറത്ത് നിൽക്കുകയായിരുന്ന മൂന്നു യുവാക്കൾ ഹീബ്രു സംസാരിക്കുന്നതു ശ്രദ്ധിച്ച അക്രമി അവരെ കടന്നാക്രമിക്കുകയായിരുന്നു.
ഇറാനെ തൊട്ടുകളിക്കരുത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ക്രൂര മർദ്ദനം. മൂന്ന് അക്രമികൾ ചേർന്നാണ് ജൂത യുവാക്കളെ അതിക്രൂരമായി മർദ്ദിച്ചത്. അക്രമികളുടെ മുഖങ്ങൾ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. എങ്കിലും ഇതു വരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല. ഈ ക്രൂരത അരങ്ങേറിയപ്പോൾ റെസ്റ്റൊറന്‍റിനുള്ളിലുണ്ടായിരുന്നവരോ പരിസരവാസികളോ അതു തടയാൻ ഇടപെട്ടില്ലെന്ന് ദൂരെ നിന്ന് ഈ സംഭവം കണ്ട ദൃക് സാക്ഷി മൊഴി നൽകി.
കാലിഫോർണിയ ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന ആക്രമണത്തെ അപലപിച്ചു.
“സാൻ ജോസിൽ ഹീബ്രു സംസാരിച്ച് ഇസ്രായേലി അമേരിക്കക്കാർക്ക് നേരെയുണ്ടായ ആക്രമണം ഭയാനകമാണ്. ഇത്തരത്തിലുള്ള യഹൂദവിരുദ്ധതയ്ക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. ഈ ആക്രമണങ്ങളെ ഞാൻ നിസംശയമായും അപലപിക്കുന്നു. അക്രമികളെ ഉത്തരവാദിത്തപ്പെടുത്തുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണം.” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
“സാൻ ജോസിൽ യഹൂദവിരുദ്ധതയ്ക്കും ഒരു വിദ്വേഷ പ്രവൃത്തികൾക്കും സ്ഥാനമില്ല” എന്ന് സാൻ ജോസ് മേയർ മാറ്റ് മഹൻ സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഒക്റ്റോബറിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് പകുതിയിലധികം അമെരിക്കൻ ജൂതരും കടുത്ത ജൂതവിരുദ്ധതയ്ക്ക് ഇരകളായി. നിലവിൽ ജൂത ശത്രുത ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായി മാറിയതായി അവർ കണക്കാക്കുന്നു എന്നും പഠനങ്ങൾ.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നടപടിയെ പകുതിയോളം അമേരിക്കക്കാരും എതിർക്കുന്നുവെന്നും പോളുകൾ കണ്ടെത്തി.