ട്രംപ്- മംദാനി മൂന്നാം കൂടിക്കാഴ്ച

അടച്ചിട്ട മുറിയിൽ ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തി ഇരുവരും , ഗ്രേസി മാൻഷനിൽ ട്രംപിനു വിരുന്നൊരുക്കി മംദാനി
Trump-Mandani third meeting

ട്രംപ്- മംദാനി മൂന്നാം കൂടിക്കാഴ്ച

Updated on

വാഷിങ്ടൺ:യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ന്യൂയോർക്കിലെ വിവാദ മേയർ സോഹ്റാൻ മംദാനിയും തമ്മിൽ കൂടിക്കാഴ്ച നടന്നു. മാൻഹട്ടനിലെ ഗ്രേസി മാൻഷനിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ഏകദേശം ഒരു മണിക്കൂർ നീണ്ടു നിന്നു. കുടിയേറ്റ നിയമ നടപടികൾ, നഗരത്തിലെ ഭവന പ്രശ്നം, പൊതു സുരക്ഷ എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. 2025ലെ മേയർ തെരഞ്ഞെടുപ്പിന് ശേഷം ഇരുവരും നേരിട്ട് ഇതു മൂന്നാമത്തെ കൂടിക്കാഴ്ചയാണ്.

മംദാനി മേയറായി മത്സരിച്ചപ്പോൾ ട്രംപ് ആയിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വിമർശകൻ. എന്നാൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും സൗഹൃദപരമായ സമീപനമാണ് സ്വീകരിച്ചത്. മംദാനി മികച്ച മേയറാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞത്.

ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിൽ എത്തിയ ട്രംപ് മംദാനി മികച്ച മേയറാകുമെന്നു പ്രതീക്ഷിക്കുന്നതായാണ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞത്. കൂടാതെ ന്യൂയോർക്ക് നഗരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മംദാനിയുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ട്രംപ് വ്യക്തമാക്കി.

ന്യൂയോർക്കിൽ 12,000 വീടുകൾ നിർമിക്കുന്നതിനുള്ള നിർദേശവും ചർച്ചയായതായി മംദാനി അറിയിച്ചു. ക്വീൻസിലെ സണ്ണിസൈഡ് യാർഡുമായി ബന്ധപ്പെട്ട ഈ പദ്ധതിക്ക് ഫെഡറൽ സർക്കാരിന്‍റെ അനുമതികളും ധനസഹായവും ആവശ്യമാണ്. പദ്ധതിക്കായി ഏകദേശം 21 ബില്യൺ ഡോളറിന്‍റെ ഫെഡറൽ ഫണ്ടിങ് ആവശ്യമായി വരുമെന്നാണ് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ നടത്താൻ ഇരുപക്ഷവും ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ട്രംപിന്‍റെ കുടിയേറ്റ നയങ്ങളോട് ശക്തമായി വിയോജിപ്പു പ്രകടിപ്പിച്ച മംദാനി ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ താല്‍ക്കാലിക സംരക്ഷിത പദവി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ന്യൂയോര്‍ക്കുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത താന്‍ ട്രംപിനോട് വ്യക്തമാക്കിയതായി പറഞ്ഞു.

എന്നാലും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും നഗരവാസികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന ആരുമായും ചര്‍ച്ച തുടരുമെന്ന് മംദാനി വ്യക്തമാക്കി. ട്രംപിന്‍റെ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയവും ശ്രദ്ധ നേടി. വൈറ്റ് ഹൗസില്‍ നിന്ന് ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രധാന അമേരിക്കന്‍ ടെലിവിഷന്‍ ശൃംഖലകള്‍ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടതായി മംദാനി പറഞ്ഞു. മാധ്യമ ബഹിഷ്‌കരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മാധ്യമങ്ങള്‍ തന്നെ ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് തന്നെ ആശങ്കപ്പെടുത്തിയില്ലെന്ന് ട്രംപ് പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com