

ട്രംപ് ഭരണകൂടത്തിൽ അഴിമതി കുറവ് :ബരാക് ഒബാമ
അമേരിക്കൻ ചരിത്രത്തിലെ മറ്റ് ഏതൊരു കാലഘട്ടത്തെക്കാളും കുറഞ്ഞ അഴിമതിയാണ് നിലവിലെ ഫെഡറൽ സർക്കാരിലുള്ളതെന്ന് മുൻ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ. ‘ആമസോൺ ഓഡിബിൾ’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച “എ ഗ്രേറ്റ് ബുക്ക് വിത്ത് ബരാക് ഒബാമ” എന്ന തന്‍റെ പുതിയ പോഡ്‌കാസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഒബാമയുടെ ഈ പരാമർശം ട്രംപിന് വലിയ പിന്തുണയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷക മതം. കാരണം ജനങ്ങളുടെ ഇടയിൽ അഴിമതിയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുനിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ അമെരിക്കയിൽ ഉള്ളത്.
കൈക്കൂലി, സ്വജനപക്ഷപാതം, പ്രത്യേക ആനുകൂല്യങ്ങൾ നൽകൽ തുടങ്ങിയ നേരിട്ടുള്ള അഴിമതികൾ മുൻപെങ്ങുമില്ലാത്തവിധം കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപിന്‍റെ ബിസിനസ് ഇടപാടുകളും സാമ്പത്തിക നേട്ടങ്ങളും മുൻനിർത്തി ഇടക്കാല തിരഞ്ഞെടുപ്പിൽ അഴിമതി പ്രധാന ചർച്ചാവിഷയമാക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതിനിടെയാണ് ഒബാമയുടെ ഈ വേറിട്ട പരാമർശം പുറത്തുവന്നത് എന്നത് ഏറെശ്രദ്ധേയമാണ്. പോഡ്കാസ്റ്റിന്റെ മൂന്നാം എപ്പിസോഡിൽ, പുലിറ്റ്സർ സമ്മാന ജേതാവായ ചരിത്രകാരി ജിൽ ലെപോറുമായി “ഓൾ ദി കിംഗ്സ് മെൻ” എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴാണ് ഒബാമ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
മുൻ പ്രസിഡന്‍റ് ലിൻഡൻ ബി. ജോൺസന്‍റെ കാലഘട്ടത്തെയും വാട്ടർഗേറ്റ് സംഭവത്തിന് ശേഷം കൊണ്ടുവന്ന രാഷ്ട്രീയ പരിഷ്കാരങ്ങളെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്വജനപക്ഷപാതവും വോട്ട് കച്ചവടങ്ങളും തടയാൻ നടപ്പാക്കിയ ഇത്തരം പരിഷ്കാരങ്ങൾ നിയമനിർമ്മാതാക്കൾ തമ്മിലുള്ള ആശയപരമായ ഭിന്നതകൾ പരിഹരിക്കാൻ സഹായിച്ചിരുന്ന ചില മാർഗങ്ങൾ ഇല്ലാതാക്കിയെന്നും, ഇത് കാര്യങ്ങൾ നടപ്പാക്കുന്നത് കൂടുതൽ പ്രയാസകരമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന അഭിപ്രായ സർവേകളിൽ ട്രംപിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ശക്തമായി നിലനിൽക്കുമ്പോഴാണ് മുൻ പ്രസിഡന്‍റിന്‍റെ ഈ അവകാശവാദം. സെപ്റ്റംബറിൽ നടന്ന ‘ഇക്കോണമിസ്റ്റ്/യൂഗോവ്’ സർവേയിൽ 53 ശതമാനം പേരും ട്രംപിനെ അഴിമതിക്കാരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ, ട്രംപും കുടുംബവും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് 63 ശതമാനം പേർ അഭിപ്രായപ്പെട്ടതായി ‘റോയിട്ടേഴ്സ്-ഇപ്സോസ്’ സർവേയും വ്യക്തമാക്കുന്നു.