സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

മക്കയില്‍ വച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരാണ് കരാർ ഒപ്പുവച്ചത്
Saudi Arabia Turkey Pakistan defence deal

തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ, സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.

Updated on

റിയാദ്: സൈനിക സഹകരണവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നിവര്‍ വെള്ളിയാഴ്ച ഒരു ത്രികക്ഷി പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. സൗദിയിലെ പുണ്യനഗരമായ മക്കയില്‍ വച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരാണ് ഒപ്പുവച്ചത്. കരാര്‍പ്രകാരം, ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിനു നേരെ നടക്കുന്ന സായുധ ആക്രമണത്തെ എല്ലാവര്‍ക്കുമെതിരേയുള്ള ആക്രമണമായി കണക്കാക്കും.

ഏതൊരു ആക്രമണത്തെയും നേരിടുന്നതിനുള്ള 'കൂട്ടായ പ്രതിരോധശേഷി' ശക്തിപ്പെടുത്തുന്നതിനാണ് ഈ കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തിക ശക്തിയും തുര്‍ക്കിയുടെ പ്രതിരോധ ശേഷിയും പാക്കിസ്ഥാന്‍റെ ആണവശക്തിയും ഒത്തുചേരുമ്പോള്‍ ഈ കൂട്ടായ്മ ഒരു പ്രധാന പ്രാദേശിക ശക്തിയായി മാറുന്നു എന്നതും കരാറിന്‍റെ പ്രത്യേകതയാണ്.

പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ മാതൃകയാണ് ഈ മൂന്നു രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്. നേരത്തെ സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ എത്തിച്ചേർന്ന ധാരണയിൽ പിന്നീട് തുർക്കിയും ഉൾപ്പെടുകയായിരുന്നു. ഇറാൻ - ഇസ്രയേൽ സംഘർഷം മധ്യേഷ്യയിൽ അശാന്തി വിതയ്ക്കുന്ന പശ്ചാത്തലത്തിൽ പുതിയ സൈനിക സഖ്യം കൂടുതൽ പ്രസക്തമാണ്. കരാറിലെ വ്യവസ്ഥകള്‍ പരസ്യമായിട്ടില്ലെങ്കിലും സംയുക്ത സൈനികാഭ്യാസങ്ങളും പരിശീലനവും, സാങ്കേതികവിദ്യ കൈമാറ്റവും, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സമീപകാലത്ത് പശ്ചിമേഷ്യയിലുണ്ടായ സംഘര്‍ഷം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ പങ്കാളിത്തം സൗദിയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.

ഗാസയെ ചൊല്ലിയും ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ പ്രാദേശിക സംഘര്‍ഷങ്ങളെത്തുടര്‍ന്നും തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ പിരിമുറുക്കം വര്‍ധിച്ചുവരുന്നുണ്ട്. അമെരിക്ക നേതൃത്വം നല്‍കുന്ന നാറ്റോയിലെ അംഗം കൂടിയാണ് തുര്‍ക്കി.

logo
Metro Vaartha
www.metrovaartha.com