

ഇറാനെ ആക്രമിക്കാൻ സൗദി വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ല: സൗദി കിരീടാവകാശി
റിയാദ്: ഇറാനെതിരായ എതെങ്കിലും കക്ഷിയുടെ ആക്രമണങ്ങൾക്കോ സൈനിക നടപടികൾക്കോ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നാണ് രാജ്യത്തിന്‍റെ നിലപാടെന്നും ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കാനും പ്രദേശത്തെ സുരക്ഷ വർധിപ്പിക്കാനുമുള്ള എതൊരു ശ്രമത്തിനും രാജ്യത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും സൗദി കിരീടാവകാശി പറഞ്ഞു.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി ടെലിഫോൺ വഴി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്‍റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്ന സൗദി നിലപാടിനെ ഇറാൻ പ്രസിഡന്‍റ് നന്ദി അറിയിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളിൽ കിരീടാവകാശി വഹിച്ച പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു