
ഒരേ കാറിൽ യാത്ര ചെയ്ത് മോദിയും പുടിനും
credit: social media
ടിയാൻജിൻ: എസ് സി ഒ ഉച്ചകോടി വേദിയിൽ നിന്ന് റിറ്റ്സ്-കാൾട്ടൺ ഹോട്ടലിലേയ്ക്ക് ഒരേ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിനും. മോദിക്കായി പുടിൻ ഏതാണ്ട് പത്തു മിനിറ്റോളം കാത്തു നിന്നതായാണ് റിപ്പോർട്ടുകൾ. ഇരുവരും നാൽപത്തഞ്ചു മിനിറ്റോളം കാറിൽ തന്നെയായിരുന്നെന്നും യാത്രയിലുടനീളം ഇരുനേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനു ശേഷമാണ് ഒരു മണിക്കൂർ നീണ്ട ഉഭയകക്ഷി ചർച്ച നടന്നത്.
പുടിനോടൊപ്പമുള്ള ചിത്രം പങ്കു വച്ച് എസ് സി ഒ ഉച്ചകോടി വേദിയിലെ നടപടിക്രമങ്ങൾ കഴിഞ്ഞ് എക്സിൽ മോദി ഇങ്ങനെ കുറിച്ചു:"പ്രസിഡന്‍റ് പുടിനും ഞാനും ഉഭയകക്ഷി യോഗ വേദിയിലേയ്ക്ക് ഒന്നിച്ച് യാത്ര ചെയ്തു. അദ്ദേഹത്തിന്‍റേത് എപ്പോഴും ഉൾക്കാഴ്ച പകരുന്ന സംഭാഷങ്ങളാണ്.'
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെ കുറിച്ച് അമെരിക്ക ആരോപണങ്ങളുയർത്തിയതിനെ തുടർന്നാണ് ഈ ഉഭയ കക്ഷി സമ്മേളനം ഉണ്ടായത്.
യുഎസ് എക്സ്പോർട്ടുകൾക്ക് അധിക തീരുവയും പിഴയും ഏർപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്ക്കെതിരെ ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കായ 50 ശതമാനം ഇറക്കുമതി തീരുവയുള്ള പിഴയും ഏർപ്പെടുത്തിയ ഈ പശ്ചാത്തലത്തിൽ പുടിന്‍റെ ഇന്ത്യാ അനുകൂല നീക്കം ഏറെ പ്രാധാന്യം അർഹിക്കുന്നു.