Move to officially annex the West Bank to Israel

വെസ്റ്റ് ബാങ്കിനെ ഔദ്യോഗികമായി ഇസ്രയേലിനോടു ചേർക്കാൻ നീക്കം

file photo

വെസ്റ്റ് ബാങ്കിനെ ഔദ്യോഗികമായി ഇസ്രയേലിനോടു ചേർക്കാൻ നീക്കം

പുതിയ ഭൂമി രജിസ്ട്രേഷൻ നിയമത്തിന് അംഗീകാരമായി
Published on

ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ വലിയൊരു വിഭാഗം ഭൂമി സർക്കാർ ഭൂമിയായി പ്രഖ്യാപിക്കാനും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനുമുള്ള വിവാദ നീക്കവുമായി ഇസ്രയേൽ മുന്നോട്ട്. 1967-ൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു നിയമപരമായ സംവിധാനം ഇസ്രായേൽ നടപ്പിലാക്കുന്നത്.

ഇസ്രയേലിന്‍റെ ഈ നീക്കം വെസ്റ്റ് ബാങ്കിനെ ഔദ്യോഗികമായി രാജ്യത്തോടു ചേർക്കാനുള്ള നീക്കമാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. ഭൂമി ഇടപാടുകളിൽ സുതാര്യതയും വ്യക്തതയും കൊണ്ടു വരാനുള്ള ഒരു “ഭരണപരമായ നടപടി” മാത്രമാണിതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നു.

എന്നാൽ വെസ്റ്റ് ബാങ്കിന് മേൽ ഇസ്രായേലിന്‍റെ ആധിപത്യം ഉറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാർ പരസ്യമായി വ്യക്തമാക്കുന്നു. ഈ ഭൂമി രജിസ്‌ട്രേഷൻ പ്രക്രിയയിലൂടെ തങ്ങളുടെ മണ്ണിൽ ഒരു “കുടിയേറ്റ വിപ്ലവം” തന്നെ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചത്. ഇസ്രായേൽ തങ്ങളുടെ മണ്ണിൽ ഉറച്ചുനിൽക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഈ തീരുമാനം അതിന്‍റെ പ്രതിഫലനമാണെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിനും കൂട്ടിച്ചേർത്തു.

പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിയമവിരുദ്ധമായി നടക്കുന്ന ഭൂമി കൈമാറ്റങ്ങൾ തടയാൻ ഇത്തരമൊരു നീക്കം അത്യാവശ്യമാണെന്നാണ് ഇസ്രായേൽ മന്ത്രിസഭയുടെ നിലപാട്. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ ഏകപക്ഷീയമായ നടപടി മേഖലയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാകാനാണ് സാധ്യത.

പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ ഓഫീസ് ഈ നീക്കത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്നും അപകടകരമായ പ്രകോപനമെന്നും വിശേഷിപ്പിച്ചു. ജോർദാൻ, ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും ഇസ്രായേലിന്‍റെ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം, വെസ്റ്റ് ബാങ്കിലെ നിശ്ചിത പ്രദേശങ്ങളിലുള്ള ഭൂവുടമകൾ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും.

എന്നാൽ പലസ്തീനികളെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ഹാജരാക്കുക എന്നത് അതീവ ദുഷ്കരമാണ്. ഇതു മറയാക്കി വൻ തോതിൽ പലസ്തീൻ ഭൂമി പിടിച്ചെടുക്കാനും അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപകമായി നിർമിക്കാനുമാണ് ഇസ്രയേൽ പദ്ധതിയെന്ന് മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തുന്നു.

logo
Metro Vaartha
www.metrovaartha.com