Rinson Jose പേജര്‍ സ്‌ഫോടനത്തിൽ ആരോപണവിധേയനായ നോർവേ മലയാളിക്കായി സെര്‍ച്ച് വാറന്‍റ്
റിൻസൺ ജോസ്

പേജര്‍ സ്‌ഫോടനത്തിൽ ആരോപണവിധേയനായ നോർവേ മലയാളിക്കായി സെര്‍ച്ച് വാറന്‍റ്

ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മലയാളിയും നോര്‍വേ പൗരനുമായ റിന്‍സണ്‍ ജോസിനെ കണ്ടെത്താനാണ് നോർവീജിയൻ പൊലീസ് സെർച്ച് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്
Published on

ഓസ്ലോ: ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മലയാളിയെ കാണാനില്ല. നോര്‍വേ പൗരനായ റിന്‍സണ്‍ ജോസിനെ കണ്ടെത്താൻ നോർവീജിയൻ പൊലീസ് ഇപ്പോൾ സെർച്ച് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുകയാണ്.

യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും റിൻസണു വേണ്ടി അന്വേഷണം ആരംഭിച്ചതായും നോർവേ പൊലീസിലെ ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ നിലവിൽ നോർവേയിൽ ഇല്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്.

റിന്‍സണെ കാണാനില്ലെന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപന‌മാണ് നേരത്തെ പൊലീസിൽ റിപ്പോര്‍ട്ട് ചെയ്തത്. ലെബനനില്‍ പേജര്‍ സ്‌ഫോടന പരമ്പരയുണ്ടായ സെപ്റ്റംബർ 17ന് രാത്രി റിന്‍സണ്‍ നോര്‍വേയിലെ ഓസ്ലോയില്‍ നിന്ന് യുഎസിലേക്കു പോയെന്നാണ് ഇയാളെക്കുറിച്ച് അവസാനം കിട്ടിയ ഔദ്യോഗിക വിവരം.

ഓഫീസ് ആവശ്യത്തിനു വേണ്ടി ഇങ്ങനെയൊരു യാത്ര നടത്തുമെന്ന് റിൻസൺ നേരത്തെ തന്നെ സുഹൃത്തുക്കളെ അറിയിച്ചിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പിന്നീട് റിന്‍സണെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് നോര്‍വയില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പോലീസിനെ അറിയിച്ചിരിക്കുന്നത്. സ്‌ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിന്‍സണിന്‍റെ ഉടമസ്ഥതയിലുള്ള ബള്‍ഗേറിയന്‍ കമ്പനിയായ 'നോര്‍ട്ട ഗ്ലോബലാ'ണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ, ഇത് ഷെൽ കമ്പനിയായതിനാൽ റിൻസണിന്‍റെ ഉടമസ്ഥാവകാശം പേരിൽ മാത്രമാകാം എന്ന വാദവും ഉയരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com