
ഹ്യൂമൻ ജിപിഎസ്
ബാഗുഖാൻ
file photo
പാക് അധീന കശ്മീരിൽ നിന്നു ഭീകരർക്ക് നുഴഞ്ഞു കയറ്റത്തിന് സഹായം ചെയ്തു വരികയായിരുന്ന ബാഗു ഖാൻ അഥവാ സമന്ദർ ചാച്ചയെ സുരക്ഷാ സേന വധിച്ചു. ഗുരെസിൽ നടന്ന ഏറ്റു മുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഭീകര സംഘടനകൾക്കിടയിൽ ഹ്യൂമൻ ജിപിഎസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
1995 മുതൽ പാക് അധീന കശ്മീർ താവളമാക്കി ഭീകരർക്ക് സഹായം ചെയ്തു വരികയായിരുന്നു ഇയാൾ. നുഴഞ്ഞു കയറ്റത്തിനു വേണ്ട വഴികളും സൗകര്യങ്ങളും ഒരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. നൗഷേര നാർ മേഖലയിൽ നടന്ന നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ മറ്റൊരു ഭീകരനൊപ്പം വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു ഇയാൾ.
ഗുരെസ് മേഖലയിലെ ദുർഘടമായ ഭൂപ്രദേശങ്ങളും രഹസ്യ വഴികളും കൃത്യമായി അറിയുന്നതിനാൽ നൂറിലധികം നുഴഞ്ഞു കയറ്റ ശ്രമങ്ങൾക്ക് ഇയാൾ സഹായം നൽകിയിരുന്നു. ഭീകരർക്കിടയിൽ വിശ്വാസ്യത നേടിയതോടെ ഹ്യൂമൻ ജിപിഎസ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.
നിയന്ത്രണ രേഖയ്ക്കടുത്ത് ഗുരെസിലും സമീപ പ്രദേശങ്ങളിലും നുഴഞ്ഞു കയറ്റം ആസൂത്രണം ചെയ്യുന്നതിൽ അതി വിദഗ്ധനായിരുന്നു ഇയാൾ.
വർഷങ്ങളോളം സുരക്ഷാ സേനയെ വെട്ടിച്ച് ഭീകരർക്ക് സഹായം ചെയ്ത ഇയാളുടെ വധം പ്രദേശത്തെ ഭീകര സംഘടനകളുടെ ലോജിസ്റ്റിക്കൽ ശൃംഖലയ്ക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.