ദുബായ്: നാലാം ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിൽ (എസ്.ഡി.ടി) പങ്കെടുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ഒക്ടോബർ 20 വരെ നീട്ടി. കൂടുതൽ കമ്പനികൾക്കും വിദഗ്ദ്ധർക്കും മതിയായ സമയം നൽകാനാണ് സമയം നീട്ടി നൽകിയത്. മത്സരത്തിൽ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന കമ്പനിക്ക് 3 മില്യൺ യുഎസ് ഡോളർ നൽകും.
ചലഞ്ചിന്‍റെ നാലാം പതിപ്പ് 'ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് സോൺ' എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ഒന്നിലധികം കമ്പനികളുടെ കൺസോർഷ്യം എന്ന നിലയിലോ ഒരൊറ്റ സ്ഥാപനമായോ ചലഞ്ചിൽ പങ്കെടുക്കാം. ഒരു സേവന കുടക്കീഴിൽ നിരവധി സ്വയംഭരണ ട്രാൻസിറ്റ് സംവിധാനങ്ങൾ സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്വയം-ഡ്രൈവിംഗ് ഗതാഗതത്തിലും ട്രാൻസിറ്റ് സംവിധാനങ്ങളുടെ സംയോജനത്തിലും വൈദഗ്ധ്യമുള്ള എല്ലാ പ്രമുഖ കമ്പനികളെയും പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ആർടിഎ അറിയിച്ചു.
2030 ഓടെ നഗരത്തിലെ മൊബിലിറ്റി യാത്രകളുടെ 25% സെൽഫ് ഡ്രൈവിംഗ് യാത്രകളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. പങ്കെടുക്കുന്നവർക്ക് ഈ ആഗോള മത്സരത്തിനായി സമർപ്പിച്ചിരിക്കുന്ന വെബ്സൈറ്റ് വഴി ഇപ്പോൾ ചലഞ്ചിനായി രജിസ്റ്റർ ചെയ്യാം: https://sdchallenge.awardsplatform.com/. 2024 നവംബർ അവസാനത്തോടെ ഫൈനലിസ്‌റ്റുകളെ പ്രഖ്യാപിക്കും. വിജയിക്കുന്ന കമ്പനിയെ 2025 സെപ്റ്റംബറിൽ ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിൽ വെളിപ്പെടുത്തും. വിജയിക്കുന്ന കമ്പനിക്ക് 3 മില്യൺ ഡോളർ സമ്മാനമായി ലഭിക്കും.