
അമെരിക്ക-ചൈന നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കി ചൈനീസ് ചാരബലൂൺ പറന്നത് ഈ മാസം ആദ്യം. ചൈനയുടെ ചാരബലൂണിനെ അമെരിക്ക വെടിവച്ചിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ചിത്രം പെന്‍റഗൺ പുറത്തുവിട്ടിരിക്കുന്നു. യു 2 സ്പൈ പ്ലെയ്നിലിരുന്ന് പൈലറ്റ് എടുത്ത ചിത്രമാണു പെന്‍റഗൺ റിലീസ് ചെയ്തത്. ബലൂൺ വെടിവച്ചിടുന്നതിനു മുമ്പുള്ള ചിത്രം.
പാനലുകളുമായി പറക്കുന്ന ബലൂൺ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ കാണാം. യുഎസ് സ്പൈ എയർക്രാഫ്റ്റിന്‍റെ നിഴലും ബലൂണിൽ പതിഞ്ഞിട്ടുണ്ട്. ബലൂണിനു മുകളിലായാണു എയർക്രാഫ്റ്റ് പറക്കുന്നതെന്നു ചിത്രത്തിൽ നിന്നും വ്യക്തം. സൗത്ത് കരോലീനയ്ക്കു സമീപത്തു വച്ചാണു ബലൂൺ വെടിവച്ചിട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ആണെന്നായിരുന്നു ചൈനയുടെ അവകാശവാദം. എന്തായാലും ബലൂണിന്‍റെ അവശിഷ്ടങ്ങളിൽ പരിശോധന തുടരുകയാണ്.
അമെരിക്കയുടെ വ്യോമാതിർത്തി കടന്നെത്തിയ ബലൂൺ ആദ്യമായി കണ്ടതു പൊതുജനങ്ങളാണ്. പിന്നീട് സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ജനങ്ങൾക്ക് ഹാനികരമല്ലാത്ത ഇടത്തു വച്ചു വെടിവച്ചിടുകയും ചെയ്തു. ഫൈറ്റർ ജെറ്റിൽ നിന്നും മിസൈൽ ഷോട്ടിലൂടെ തകർക്കപ്പെട്ട ബലൂണിന്‍റെ അവശിഷ്ടങ്ങൾ അറ്റ്ലാന്‍റിക് സമുദ്രത്തിലാണ് പതിച്ചത്.