
ജറൂസലം: കഴിഞ്ഞ ഏഴിനു ഹമാസ് തട്ടിക്കൊണ്ടുപോകുകയും ട്രക്കിനു പിന്നിൽ വിവസ്ത്രയാക്കി പ്രദർശിപ്പിക്കുകയും ചെയ്ത ജർമൻ ടാറ്റു കലാകാരിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ അറിയിച്ചു. ഇസ്രേലി സേനാംഗമെന്ന വ്യാജേന ഹമാസ് പുറത്തുവിട്ട വിഡിയൊ ദൃശ്യത്തിൽ ഉൾപ്പെട്ട ഷാനി ലൂക്കിന്‍റെ മൃതദേഹമാണു കണ്ടെത്തിയത്.
എന്നാൽ, ഇവർ ഇസ്രേലി സേനാംഗമല്ലെന്നും തന്‍റെ മകൾ ഷാനിയാണെന്നും ജർമനിയിലുള്ള അമ്മ റിക്കാർഡ ലൂക്ക് ശരീരത്തിലെ ടാറ്റു കണ്ട് തിരിച്ചറിയുകയായിരുന്നു. മകൾ ഹമാസിന്‍റെ പിടിയിൽ ജീവനോടെയുണ്ടാകുമെന്നാണു കരുതുന്നതെന്നു പറഞ്ഞ റിക്കാർഡ സുരക്ഷിതയായി തിരികെയെത്തിക്കാൻ ഹമാസിനോടും ഷാനിയെ മോചിപ്പിക്കാൻ ഇസ്രയേലിനോടും അഭ്യർഥിച്ചിരുന്നു. മകളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഏറ്റവും വേഗം ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കുമെന്നും അമ്മ പറഞ്ഞിരുന്നു.
ഇസ്രയേലിൽ നടന്ന സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇവർ ആക്രമിക്കപ്പെട്ടത്. ഷാനിയെ തട്ടിക്കൊണ്ടുപോയതായി ഇവരുടെ ബന്ധു തമൊസിനെ വെയ്‌ൻട്രോബ് ലൂക്ക് അറിയിച്ചിരുന്നു. ഷാനിയുടെ ക്രെഡിറ്റ് കാർഡ് ഗാസയിൽ ഉപയോഗിക്കപ്പെട്ടതായി ബാങ്ക് അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. ഹമാസ് ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമെടുത്തതായാണ് റിപ്പോർട്ട്.