ഷെയ്ഖ് ഹസീന ഇന്ത‍്യയിൽ നിന്നും ബംഗ്ലാദേശിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ‍്യതയുണ്ടെന്ന് മന്ത്രി

ഹസീനയ്ക്ക് തിരിച്ചുവരാൻ അവകാശമുണ്ടെങ്കിലും നിയമം അതിന്‍റെ വഴിക്ക് നീങ്ങുമെന്നും മന്ത്രി എം. അസദുസ്സമാൻ പറഞ്ഞു
Sheikh Hasina is likely to be arrested instantly on her return from India, before getting opportunities to surrender directly to a court, Bangladesh Law Minister

ഷെയ്ഖ് ഹസീന, എം. അസദുസ്സമാൻ

Updated on

ധാക്ക: ഇന്ത‍്യയിൽ നിന്നും ബംഗ്ലാദേശിലെത്തിയാൽ കോടതിയിൽ ഹാജരാകുന്നതിനു മുൻപ് തന്നെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറസ്റ്റ് ചെയ്യപ്പെടാൻ സാധ‍്യതയുണ്ടെന്ന് നിയമമന്ത്രി എം. അസദുസ്സമാൻ. ജീവന് ഭീഷണിയുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പിയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.

78കാരിയായ ഹസീനയ്ക്ക് തിരിച്ചുവരാൻ അവകാശമുണ്ടെങ്കിലും നിയമം അതിന്‍റെ വഴിക്ക് നീങ്ങുമെന്നും നിയമം ലംഘിക്കുന്ന ഒന്നും തന്നെ തങ്ങൾ ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

നിയമം തങ്ങൾക്ക് നൽകിയ അധികാരം പ്രയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടക്കാല സർക്കാർ അവരുടെ പാസ്പോർട്ട് റദ്ദാക്കിയതിനാൽ അവർ എങ്ങനെ ബംഗ്ലാദേശിലെത്തുമെന്ന് മാധ‍്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് അവരുടെ പ്രശ്നമാണ് എന്‍റെയല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ബംഗ്ലാദേശിൽ നടന്ന വിദ‍്യാർഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ അട്ടിമറിക്കപ്പെട്ടത്. തുടർന്ന് അവർ ഇന്ത‍്യയിൽ അഭയം തേടുകയായിരുന്നു. വിദ‍്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതിൽ പ്രധാന പങ്കുവഹിച്ചെന്ന് ചൂണ്ടിക്കാട്ടി ധാക്കയിലെ പ്രത‍്യേക കോടതി ഷെയ്ഖ് ഹസീനയെ 2025 നവംബറിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരേയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഷെയ്ഖ് ഹസീന പറഞ്ഞത്. വധശിക്ഷയ്ക്ക് വിധിച്ചതിനു പിന്നാലെ നിയമനടപടികൾക്കു വേണ്ടി അവരെ വിട്ടു നൽകണമെന്ന് ബംഗ്ലാദേശ് ഇന്ത‍്യയോട് നിരന്തരം ആവശ‍്യം ഉയർത്തുന്നുണ്ടെങ്കിലും ഇക്കാര‍്യം പരിശോധിച്ചു വരുകയാണെന്നാണ് ഇന്ത‍്യ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com