
അപകടത്തിൽപ്പെട്ട സിൻബാദ് എന്ന ഇജിപ്ഷ്യൻ വിനോദസഞ്ചാര മുങ്ങിക്കപ്പൽ
കെയ്റോ: ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ വിനോദ സഞ്ചാര മുങ്ങിക്കപ്പലിൽ ഉണ്ടായ അപകടത്തിൽ ആറു വിനോദസഞ്ചാരികൾ മരിച്ചു. റഷ്യക്കാരാണ് മരിച്ച വിനോദസഞ്ചാരികളെല്ലാം. ഈജിപ്റ്റിൽ വച്ചുണ്ടായ ഈ അപകടത്തിൽ റഷ്യക്കാർ മാത്രം മരിച്ചത് അട്ടിമറിയാണെന്നും ആരോപണമുയരുന്നു.
ഈജിപ്റ്റ് ടൂറിസത്തിലെ മുഖ്യ ആകർഷണ കേന്ദ്രമാണ് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഹുർഗദ. നാൽപത്തഞ്ച് വിനോദ സഞ്ചാരികളും അഞ്ച് ഈജിപ്ഷ്യൻ ജീവനക്കാരുമാണ് മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതെന്ന് മേജർ ജനറൽ അമർ ഹനാഫി മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ചവരിൽ ആറു പേരും റഷ്യക്കാരാണെന്നും രക്ഷപ്പെട്ടെ മുപ്പത്തൊമ്പതു വിനോദ സഞ്ചാരികളിൽ 29 പേർക്ക് പരിക്കേറ്റെന്നും ഇവരെ ആശുപത്രികളിലേയ്ക്ക് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
രക്ഷപ്പെട്ട വിനോദ സഞ്ചാരികളിൽ ഇന്ത്യ, നോർവേ, സ്വീഡീഷ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നിന്ന് ഏകദേശം 285 മൈൽ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഹുർഗദ, ചെങ്കടലിലെ പവിഴപ്പുറ്റുകളാൽ സമ്പന്നമാണ്. അതു കൊണ്ടു തന്നെ മുങ്ങൽ വിദഗ്ധരുടെയും സ്നോർക്കലർമാരുടെയും മറ്റു വിനോദ സഞ്ചാരികളുടെയും പ്രധാന ലക്ഷ്യ സ്ഥാനമാണ്.