
മെറ്റ പ്ലാറ്റ്‌ഫോമുകൾക്ക് 6.8 കോടി രൂപ പിഴ ചുമത്തി സിംഗപ്പുർ സർക്കാർ
സിംഗപ്പുർ: ഫെയ്സ്ബുക്കിലെ ആൾമാറാട്ട തട്ടിപ്പുകളെ തടയാൻ സഹായിക്കുന്നതിന് മെറ്റ പ്ലാറ്റ്‌ഫോമുകൾ വ്യക്തികളുടെ മുഖം തിരിച്ചറിയൽ തുടങ്ങിയ നടപടി ക്രമങ്ങൾ നടപ്പിലാക്കണമെന്ന് സിംഗപ്പുർ സർക്കാർ നിർദേശിച്ചു. ഈ മാസം അവസാനിക്കുന്നതിനകം നിർദേശം നടപ്പിലാക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
സിംഗപ്പുർ ആഭ്യന്തര മന്ത്രാലയമാണ് മെറ്റയ്ക്കു ഈ ഔദ്യോഗിക നിർദേശം നൽകിയത്. നിർദേശം പാലിക്കാതിരുന്നാൽ ഏകദേശം പത്ത് ലക്ഷം സിംഗപ്പുർ ഡോളർ (6.8 കോടി രൂപ) വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സമയ പരിധി കഴിഞ്ഞും നിർദേശം നടപ്പിലാക്കാതിരുന്നാൽ പ്രതിദിനം ഒരു ലക്ഷം ഡോളർവീതം അധിക പിഴയും ചുമത്തും. ഇതിനോട് മെറ്റ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പരസ്യങ്ങൾ, അക്കൗണ്ടുകൾ, ബിസിനസ് പേജുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ തടയാൻ പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ സമയ പരിധി നിർദേശിച്ചിരുന്നില്ല. 2024 ജൂൺ മുതൽ 2025 വരെയുള്ള കാലയളവിൽ തട്ടിപ്പുകൾ വർധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
നേതാക്കളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് തട്ടിപ്പിന് വഴിയൊരുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം പുതിയ ഓൺലൈൻ ക്രിമിനൽ ആക്റ്റ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം നടപ്പിലാക്കുന്ന ആദ്യത്തെ ഉത്തരവാണിത്.