ഗൾഫ് രാജ്യങ്ങളിലേക്ക് ഇനി ഒറ്റ വിസ

ഷെങ്കൻ മാതൃകയിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം; ഉടൻ പ്രാബല്യത്തിൽ വരും
Single tourist visa for all GCC countries

ഷെങ്കൻ മാതൃകയിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം

Updated on

സ്വന്തം ലേഖകൻ

ദുബായ്: ജിസിസി ഏകികൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചുവെന്നും ഉടൻ തന്നെ ഇത് പ്രാബല്യത്തിൽ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി വ്യക്തമാക്കി. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പ് പ്രഖ്യാപന ചടങ്ങിനിടെ പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുകെ ഒഴികെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഷെങ്കൻ ടൂറിസ്റ്റ് വിസയ്ക്ക് സമാനമായി ജിസിസി മേഖലയിൽ ഏകീകൃത ടൂറിസ്റ്റ് വിസ, അല്ലെങ്കിൽ ജിസിസി ഗ്രാൻഡ് ടൂർസ് വിസ പുറത്തിറക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ ചർച്ച ചെയ്തു വരുകയാണ്.

ജിസിസി ഏകീകൃത വിസ നിലവിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ അംഗ രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ സന്ദർശനം നടത്താൻ വിദേശ വിനോദ സഞ്ചാരികൾക്ക് സാധിക്കും.

ഏകീകൃത വിസ പ്രാദേശിക ടൂറിസം വ്യവസായത്തിനും സമ്പദ്‌ വ്യവസ്ഥയ്ക്കും ഉത്തേജനം നൽകുമെന്നും ജിഡിപിയിൽ വളർച്ചയുണ്ടാകുമെന്നും തൊഴിലവസരങ്ങൾ വർധിക്കുമെന്നും ഈ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.

ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ പുറത്തു വിട്ട കണക്കുകൾ പ്രകാരം, 2023ൽ ഈ മേഖല 6.81 കോടി സന്ദർശകരെ സ്വാഗതം ചെയ്യുകയും ടൂറിസത്തിൽ 11.04 കോടി ഡോളറിന്‍റെ റെക്കോഡ് വരുമാനം നേടുകയും ചെയ്തു. 2019ലെ കോവിഡ് മഹാമാരിക്കു മുമ്പുള്ള സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ വിനോദ സഞ്ചാരികളുടെ വരവിൽ 42.8 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

യുഎഇയുടെ യാത്രാ, ടൂറിസം മേഖലയിലെ തൊഴിലുകളുടെ എണ്ണം 2030 ആകുമ്പോഴേക്കും പത്തു ലക്ഷത്തിലെത്തുമെന്നും, 2034 ആകുമ്പോഴേക്കും വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ 928,000 എന്ന കണക്കിനെ മറികടക്കുമെന്നും, 9 പേരിൽ ഒരാൾക്ക് ഈ മേഖലയിൽ ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.

ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്‍റെ (ഡി.ഇ.ടി) കണക്കനുസരിച്ച് 2025ലെ ആദ്യ നാല് മാസങ്ങളിൽ 71.5 ലക്ഷം വിനോദ സഞ്ചാരികളാണ് ദുബായിലെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com