
യുഎസിലെ വാൾമാർട്ടിൽ കത്തിയാക്രമണം; ആറ് പേരുടെ നില ഗുരുതരം
വാഷിങ്ടൺ: യുഎസിലെ മിഷിഗണിൽ വോൾമാർട്ട് സ്റ്റോറിൽ കത്തിയാക്രമണം. മിഷിഗൻ ട്രാവേഴ്സ് സിറ്റിയിലെ വോൾമാർട്ടിൽ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ 11 പേർക്ക് കുത്തേൽക്കുകയും ആറുപേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.
സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വോള്‍മാര്‍ട്ടില്‍ നടന്നതെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. വോള്‍മാര്‍ട്ടിലെ പാര്‍ക്കിങ് ലോട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്‌നങ്ങളുണ്ടായതെന്നും ശരിക്കും ഭയന്നുപോയെന്നും ദൃക്‌സാക്ഷി പറഞ്ഞു.
മടക്കിവയ്ക്കാവുന്ന രീതിയിലുള്ള കത്തി ഉപയോഗിച്ചാണ് അക്രമി ആളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ചതെന്നാണ് വിവരം. അക്രമിയെന്ന് കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇയാള്‍ മിഷിഗണില്‍ തന്നെ താമസിക്കുന്നയാളാണെന്ന് സൂചനയുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.