

സർവം 'ചളി' മയം; അമെരിക്കൻ നിഘണ്ടുവിന്‍റെ 2025 ലെ വാക്കായി സ്ലോപ്പ്
അമെരിക്കൻ നിഘണ്ടുവായ മെറിയം - വെബ്സ്റ്റർ 2025 ലെ 'വേഡ് ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുത്തത് "slop" എന്ന വാക്കാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ "ചളി'. നാം സാധാരണയായി ചളി എന്ന വാക്ക് ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത താമശകളെയും ഉള്ളടക്കങ്ങളെയും കളിയാക്കാനായാണ്. അതുതന്നെയാണ് മെറിയം വെബസ്റ്ററും ഉദേശിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സൃഷ്ടിക്കുന്ന താഴ്ന്ന നിലവാരമില്ലാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങളെ (വ്യാജവാർത്ത, AI-രചിത പുസ്തകങ്ങൾ) സൂചിപ്പിക്കുന്നതിനായാണ് ചളി അഥവാ സ്ലോപ്പ് എന്ന പദം തെരഞ്ഞെടുത്തത്. ജനറേറ്റീവ് എഐയുടെ സ്വാധീനം, അതിനെക്കുറിച്ചുള്ള ജനങ്ങളുടെ ആകാംഷയും വെറുപ്പും, ഒപ്പം യഥാർഥ വിവരങ്ങൾക്കായുള്ള ആഗ്രഹവും ഈ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.
നിലവിൽ ലോകത്ത് എല്ലാ മേഖലയിലും നിർമിത ബുദ്ധിയുടെ കടന്നു കയറ്റം കാണാനാവും. എന്തിനെക്കുറിച്ച് ചോദിച്ചാലും ശരിയെന്നോ തെറ്റെന്നോ വ്യത്യാസമില്ലാതെ മറുപടി പറയുന്ന എഐ പലപ്പോഴും വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. എഐയുടെ നിലവാര തകർച്ചയെ സൂചിപ്പിക്കാനായിണ് മെറിയം - വെബ്സ്റ്റർ യൂണിവേഴ്സിറ്റി ഈ പദം 2025 ലെ വാക്കായി തെരഞ്ഞെടുത്തത്.
'സ്ലോപ്പ്' എന്ന വാക്കിന് 1700കളിൽ 'മൃദുവായ ചളി' എന്നൊരു അർഥമുണ്ടായിരുന്നു. എന്നാൽ ഇയൊരു വാക്ക് ഡിജിറ്റൽ യുഗത്തിൽ എഐയുടെ തെറ്റായ ഉള്ളടക്കത്തെ സൂചിപ്പിച്ചുകൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് ജെൻസികൾക്കിടയിൽ സർവസാധാരണമായ വാക്കാണ് ചളി.