ലൂസിയാനയിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം സ്വദേശിയായ ഹരികൃഷ്ണൻ പിള്ള കൊല്ലപ്പെട്ടത് വാഹനാപകടത്തിൽ
Harikrishnan Pillai

ഹരികൃഷ്ണൻ പിള്ള

Updated on: 

ലൂസിയാന: യുഎസിലെ ലൂസിയാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഹരി കൃഷ്ണന്‍ പിള്ള (27)യാണ് കൊല്ലപ്പെട്ടത്. ഒക്റ്റോബര്‍ അഞ്ചിന് രാവിലെ ആറോടെയാണ് അപകടമുണ്ടായതെന്ന് ലൂസിയാന സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ഹരി കൃഷ്ണന്‍ പിള്ള മക്‌നീസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ഥിയായിരുന്നു. ലൂസിയാനയിലെ ലേക്ക് ചാള്‍സിലായിരുന്നു താമസം.

അസന്‍ഷന്‍ പാരിഷിലെ LA 1 ല്‍ സ്റ്റുവര്‍ട്ട് റോഡിന് സമീപമാണ് അപകടമുണ്ടായത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം, അഡിസ് സ്വദേശിയായ ജെയിംസ് കാസിയോ ഓടിച്ച 2012 മോഡല്‍ ഫോര്‍ഡ് എഫ്-150 പിക്കപ്പ് ട്രക്ക് എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന 2004 മോഡല്‍ ഹോണ്ട പൈലറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഹരി കൃഷ്ണന്‍ പിള്ളയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഫോര്‍ഡ് എഫ് 150 ഓടിച്ച ജെയിംസ് കാസിയോയെ അശ്രദ്ധ മൂലമുള്ള നരഹത്യ, അശ്രദ്ധയോടെയുള്ള വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ നിന്ന് മോചിതനായ ശേഷം കാസിയോയെ അസന്‍ഷന്‍ പാരിഷ് ജയിലില്‍ ഹാജരാക്കുമെന്ന് സംസ്ഥാന പൊലീസ് അറിയിച്ചു.

കൊല്ലം ജില്ലയിലെ അഞ്ചല്‍, അഗസ്ത്യക്കോട്, നെടുമ്പനയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ പിള്ളയുടെയും കവിത രാധാകൃഷ്ണന്‍റെയും മകനാണ് ഹരി കൃഷ്ണന്‍ പിള്ള. അമേരിക്കയില്‍ പഠനത്തിനായി പോയ ഹരി കൃഷ്ണന്‍റെ അകാല വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരി കൃഷ്ണന്‍ പിള്ളയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com