

ഹൂസ്റ്റൺ: കാനഡയിൽ കാട്ടു തീ പടർന്നു പിടിച്ചതിനു പിന്നാലെ പുകയിൽ മുങ്ങി ന്യൂയോർക്ക് നഗരം. നഗരത്തിലെ വായു മലിനീകരണം വലിയ രീതിയിൽ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച മുതലേ നഗരം ഏതാണ്ട് പൂർണമായും പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. ഈ ആഴ്ച മുഴുവൻ ഈ സ്ഥിതി തുടരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.
പുക നിറഞ്ഞതിനെത്തുടർന്ന് ന്യൂയോർക്ക് ലിബേർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാ ഗാർഡിയ വിമാനത്താവളം എന്നിവിടങ്ങളിൽ ബുധനാഴ്ച പല സർവീസുകളും നിർത്തി വയ്ക്കേണ്ടതായി വന്നു. അടിയന്തര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്തു തന്നെ ഇരിക്കണമെന്നും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതാവശ്യ ഘട്ടങ്ങളിൽ ഉയർന്ന ഗുണനിലവാരമുള്ള മാസ്കുകൾ ധരിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും നിർദേശിച്ചിട്ടുണ്ട്.1960 നു ശേഷം നഗരം ഏറ്റവും രൂക്ഷമായ വായു മലിനീകരണം നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഹെൽത്ത് കമ്മിഷണർ അശ്വിൻ വാസാൻ പറഞ്ഞു.
കാനഡയിൽ ഇതു വരെ 20,000 പേരെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. 3.8 മില്യൺ ഹെക്റ്ററിലാണ് കാട്ടുതീ പടരുന്നത്. അമെരിക്ക, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ കാനഡയിലെ തീ അണക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകും.