ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ റാഞ്ചി സൊമാലിയൻ കടൽകൊള്ളക്കാർ

എം.ടി. അസാന എന്ന ജനറൽ ടാങ്കറാണ് വെള്ളിയാഴ്ച തുറമുഖത്ത് നിന്ന് പുറപ്പെട്ടതിന് പിന്നാലെ പിടിച്ചെടുത്തത്
Representative image

പ്രതീകാത്മക ചിത്രം

Updated on

മൊഗാദിഷു: യെമനിലെ മുഖല്ല തുറമുഖത്ത് നിന്ന് പുറപ്പെട്ട ടാൻസാനിയൻ പതാകയുള്ള എണ്ണക്കപ്പൽ ഏദൻ ഉൾക്കടലിൽ യെമൻ തീരത്തിന് സമീപത്തുവച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു.

എം.ടി. അസാന എന്ന ജനറൽ ടാങ്കറാണ് വെള്ളിയാഴ്ച തുറമുഖത്ത് നിന്ന് പുറപ്പെട്ടതിന് പിന്നാലെ പിടിച്ചെടുത്തത്. നിലവിൽ കപ്പൽ സൊമാലിയയുടെ വടക്കുകിഴക്കൻ മേഖലയിലെ സ്വയംഭരണ പ്രദേശമായ പുണ്ട്ലാൻഡിലെ ബാരി മേഖലയിലെ കാലുല തീരത്തേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.

ആയുധധാരികളായ ഏഴ് സൊമാലിയൻ കടൽക്കൊള്ളക്കാരാണ് കപ്പൽ തട്ടിയെടുത്തത്. സംഭവത്തിനിടെ കപ്പലിൽ നിന്ന് അടിയന്തര സഹായസന്ദേശം അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം എത്രയാണെന്നതും, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന വിവരവും ഇതുവരെ വ്യക്തമായിട്ടില്ല. ജീവനക്കാർ ഏതു രാജ്യക്കാരാണെന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.

സംഭവത്തിൽ കപ്പലിന്‍റെ ഉടമയോ മാനേജ്മെന്‍റോ ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല. ഒരു ഇടവേളയ്ക്കുശേഷം ഏദൻ ഉൾക്കടലിലും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലും സൊമാലിയൻ കടൽകൊള്ള വീണ്ടും ശക്തിപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

logo
Metro Vaartha
www.metrovaartha.com