ജക്കാർത്ത: ദക്ഷിണപൂർവേഷ്യയിലെ ആദ്യ അതിവേഗ റെയ്‌ൽ പാതയിലെ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്ത് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ. ചൈനയുടെ ബെൽറ്റ് റോഡ് സംരംഭത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പടിഞ്ഞാറൻ ജാവയിലെ ബന്ദുങ്ങിലേക്കു നിർമിച്ച പാതയിൽ ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ സർവീസിലാണു വിഡോഡോ യാത്ര ചെയ്തത്.
മുൻപ് മൂന്നു മണിക്കൂറായിരുന്നു ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാ സമയം. ഇപ്പോഴത് 40 മിനിറ്റായി ചുരുങ്ങി. ഒക്റ്റോബർ ഒന്നിന് പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ചൈനയും ഇന്തോനേഷ്യയും ചേർന്നു രൂപീകരിച്ച കമ്പനി പിടി കെസിഐസിയാണ് 142.3 കിലോമീറ്റർ പാത പൂർത്തിയാക്കിയത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും ഇതുവഴി ട്രെയ്‌ൻ സർവീസ്. ചൈനയിൽ നിർമിച്ച ബുള്ളറ്റ് ട്രെയ്നുകളാണു സർവീസിന് ഉപയോഗിക്കുന്നത്. 2015ലാണു നിർമാണം തുടങ്ങിയത്. 2019ൽ ഉദ്ഘാടനം ചെയ്യാനിരുന്ന പാതയുടെ നിർമാണം ഭൂമിയേറ്റെടുക്കലിലുണ്ടായ കാലതാമസവും കൊവിഡ് 19ഉം മൂലം നീണ്ടുപോകുകയായിരുന്നു. 430 കോടി ഡോളറായിരുന്നു പ്രതീക്ഷിത ചെലവ്. പൂർത്തിയായപ്പോൾ 730 കോടി ഡോളർ ചെലവായി.