
ഖാർത്തൂം : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും വിവിധ രാജ്യങ്ങളുടെ ഒഴിപ്പിക്കൽ തുടരുന്നു. എഴുപത്തിരണ്ടു മണിക്കൂർ നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പലയിടത്തും അക്രമണങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കൽ ദൗത്യത്തിൽ ഇന്ത്യൻ പൗരന്മാരടക്കം 157 പേരെ രക്ഷപെടുത്തിയിരുന്നു.
സൈനിക കപ്പലിലായിരുന്നു സൗദിയുടെ രക്ഷാദൗത്യം. ഇന്ത്യക്കാരെ കൂടാതെ കുവൈറ്റ്, ഖത്തർ, യുഎഇ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി പന്ത്രണ്ടു രാജ്യങ്ങളിലെ പൗരന്മാരെ സുഡാനിൽ നിന്നും രക്ഷപെടുത്തി. സുഡാൻ പോർട്ടിൽ നിന്നും റെഡ് സീ വഴി ജിദ്ദയിലേക്കായിരുന്നു സൗദിയുടെ രക്ഷാദൗത്യം.
അമെരിക്കൻ സൈന്യത്തിന്‍റെ നേതൃത്വത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും സുഡാനിൽ നിന്നും രക്ഷപ്പെടുത്തി. രക്ഷാദൗത്യത്തിനായി ആറ് എയർക്രാഫ്റ്റുകളാണ് അമെരിക്ക ഉപയോഗിച്ചത്. സുഡാൻ അർധസൈനിക വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു അമെരിക്കയുടെ ഒഴിപ്പിക്കൽ. സുഡാനിലെ അമെരിക്കൻ എംബസിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു.
വ്യോമമാർഗത്തിലൂടെയുള്ള ഒഴിപ്പിക്കൽ പദ്ധതികൾ നിരവധി രാജ്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഖാർത്തൂം വിമാനത്താവളം അടച്ചിട്ടിരിക്കുന്നതു തിരിച്ചടിയാണ്. തലസ്ഥാന നഗരമായ ഖാർത്തൂമിൽ പോരാട്ടം രൂക്ഷമാണെന്നും റിപ്പോർട്ടുകളുണ്ട്.