
ഖാർത്തൂം : ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ നിന്നും പലായനം ചെയ്ത അഭയാർഥികളുടെ എണ്ണം അമ്പതിനായിരം കടന്നതായി യുഎൻ. ഈജിപ്റ്റ്, സൗത്ത് സുഡാൻ തുടങ്ങിയ ഇടങ്ങളിലേക്കാണ് സുഡാനി സ്വദേശികൾ പലായനം ചെയ്തിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് അഭയാർഥികളിൽ കൂടുതൽ. കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സുഡാനീസ് അഭയാർഥികളുടെ എണ്ണം ഇനിയും വർധിച്ചേക്കും.
സുഡാൻ സംഘർഷം മൂന്നാഴ്ച പിന്നിടുകയാണ്. 500-ൽ അധികം പേർ മരണപ്പെട്ടതായാണു കണക്കുകൾ. കലാപം ഏറ്റവും രൂക്ഷമായിരിക്കുന്നതു തലസ്ഥാനമായ ഖാർത്തൂമിലാണ്. വെടിനിർത്തൽ സമയത്തും പ്രദേശത്ത് സംഘർഷം തുടർന്നിരുന്നു. ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്കു കലാപം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് അവശ്യ വസ്തുക്കൾക്കും മരുന്നുകൾക്കുമുള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.