

സ്ഫോടനത്തിന്‍റെ ദൃശ‍്യങ്ങൾ
ഇസ്‌ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ‍്യയുടെ തലസ്ഥാനമായ ക്വറ്റയിൽ റെയിൽവേ ട്രാക്കിന് സമീപത്തുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. പരുക്കേറ്റവരുടെ ആരോഗ‍്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിനു ശേഷം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലോച്ച് ലിബറേഷൻ ആർമി രംഗത്തെത്തി.
ട്രെയിനിൽ യാത്ര ചെയ്തിരുന്ന പാക്കിസ്ഥാൻ ജവാന്മാരെ ലക്ഷ‍്യമിട്ടുകൊണ്ടുള്ള ചാവേറാക്രമണമായിരുന്നു ഇതെന്നാണ് വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വറ്റയിലെ ചമൻ പഥക് പ്രദേശത്താണ് സ്ഫോടനമുണ്ടായതെന്നാണ് പാക്കിസ്ഥാൻ മാധ‍്യമങ്ങൾ പറയുന്നത്.
സ്ഫോടനത്തെത്തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തമുണ്ടായി. കെട്ടിടങ്ങളുടെ ജനാലകളും ചില്ലുകളും തകർന്നെന്നും വ‍്യാപക നാശനഷ്ടമുണ്ടായതായും പൊലീസ് ഉദ‍്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന സ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.