

പുതിയ താരിഫ് നീക്കവുമായി ട്രംപ് ഭരണകൂടം
വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്കെതിരെ പുതിയ താരനീക്കവുമായി ട്രംപ് ഭരണകൂടം.അമേരിക്കന്‍ ഉല്‍പ്പാദന മേഖലയെ ബാധിക്കുന്ന തരത്തില്‍ വിദേശ രാജ്യങ്ങള്‍ വ്യവസായങ്ങള്‍ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുവെന്നാരോപിച്ചാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ പുതിയ ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്താന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇപ്പോൾ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ പ്രധാന സമ്പദ് വ്യവസ്ഥകളെയാണ് പുതിയ തീരുവകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ ഈ ആഴ്ച പുറത്തുവിടുമെന്നാണ് സൂചന.
പുതിയ ഇറക്കുമതി തീരുവകള്‍ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങളായി തുടരുന്ന ചര്‍ച്ചകളുടേയും നടപടികളുടേയും അടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടം പുതിയ നടപടികളിലേക്ക് കടക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളോട് വൈറ്റ് ഹൗസോ യുഎസ് വ്യാപാര പ്രതിനിധിയുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങളുടെയും സാമ്പത്തിക മേഖലകളുടെയും വ്യവസായ സബ്സിഡികളെക്കുറിച്ചുള്ള അന്വേഷണം മാര്‍ച്ച് 11നാണ് ആരംഭിച്ചത്. 1974ലെ യുഎസ് വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരമായിരുന്നു അന്വേഷണം. അന്യായമായ വ്യാപാര രീതികള്‍ കണ്ടെത്തിയാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റിന് അധികാരം നല്‍കുന്നതാണ് ഈ നിയമം. വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സബ്സിഡികളും സര്‍ക്കാര്‍ പിന്തുണയും അമിതമായ ഉല്‍പ്പാദന ശേഷിക്ക് കാരണമാകുന്നുവെന്നും ഇതിലൂടെ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയിലെത്തിച്ച് അമേരിക്കന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നുവെന്നുമാണ് യുഎസ് വ്യാപാര പ്രതിനിധിയുടെ വാദം.
പുതിയ തീരുവകളുടെ നിരക്ക് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 2025ല്‍ ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ക്ക് സമാനമായ നിരക്കുകള്‍ നടപ്പാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് സൂചന. എന്നാല്‍ 2026 ഫെബ്രുവരിയില്‍ യുഎസ് സുപ്രീംകോടതി ആദ്യഘട്ട തീരുവകള്‍ അസാധുവാക്കിയിരുന്നു. ഇതിനിടെ, വിദേശ വിതരണ ശൃംഖലകളിലെ നിര്‍ബന്ധിത തൊഴിലാളി സമ്പ്രദായങ്ങളെക്കുറിച്ചുള്ള അന്വേഷണം ജൂലൈയില്‍ യുഎസ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയടക്കം 16 സമ്പദ് വ്യവസ്ഥകൾ ഉള്‍പ്പെടെ നിരവധി വ്യാപാര പങ്കാളികള്‍ക്കെതിരെ 10 മുതല്‍ 12.5 ശതമാനം വരെ തീരുവ ചുമത്താന്‍ നീക്കമുണ്ടായിരുന്നു. ജൂലൈയില്‍ പ്രഖ്യാപിച്ച തീരുവകള്‍ക്ക് പുറമെയായിരിക്കും പുതിയ തീരുവകള്‍ കൂടി ഏര്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മാസങ്ങളായി തുടരുകയാണ്.
കരാറിന്‍റെ ചട്ടക്കൂടിന് ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും അന്തിമരൂപം നല്‍കിയിരുന്നെങ്കിലും, അമേരിക്കന്‍ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം പ്രകാരമുള്ള തീരുവകള്‍ റദ്ദാക്കിയതോടെ ചര്‍ച്ചകള്‍ വീണ്ടും പുനഃപരിശോധനയിലേക്ക് നീങ്ങുകയായിരുന്നു. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ മത്സര രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ഉറപ്പാക്കാനാണ് ന്യൂഡല്‍ഹിയുടെ ശ്രമം. പുതിയ തീരുവ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകളിലും കയറ്റുമതി മേഖലയിലും അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.