

പോക്കിമോൻ കാർഡ്
വാഷിങ്ടൺ: പോക്കിമോൻ കാർഡുകൾ വാങ്ങാനായി ആറുവയസുകാരിയായ മകളെ രാത്രി മുഴുവൻ കടയ്ക്കു മുന്നിൽ തനിച്ചിരുത്തിയ പിതാവ് അറസ്റ്റിലായി. സൗത്ത് കരോലിന സ്വദേശിയായ 35 കാരനാണ് കുട്ടിയോടുള്ള നിയമവിരുദ്ധ പെരുമാറ്റം മൂലം അറസ്റ്റിലായത്. പുതിയ പോക്കിമോന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിനായി ആളുകള്‍ വലിയ തോതില്‍ വരിനിന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ ക്യൂവിൽ നിർത്തിയത്.
വെസ്റ്റ് ആഷ് ലി പ്രദേശത്തെ ടാർഗറ്റ് സ്റ്റോറിനു മുന്നിലാണ് സംഭവം നടന്നത്. പുലർച്ചെ ഒരുമണിയോടെ മകൾക്ക് തലയിണയും പുതപ്പും നൽകിയ ശേഷം പിതാവ് കുട്ടിയെ നടപ്പാതയിലെ വരിയിൽ നിർത്തിയ ശേഷം വീട്ടിലേയ്ക്കു മടങ്ങി. പുതിയതായി പുറത്തിറങ്ങിയ പോക്കിമോൻ കാർഡുകൾ വാങ്ങാനായി ക്യൂവിലെ തന്‍റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് ഇയാൾ കുട്ടിയെ തനിച്ച് അർധരാത്രി കഴിഞ്ഞ സമയത്ത് ആ ക്യൂവിൽ നിർത്തിയത്.
വരിയില്‍ കാത്തുനിന്നിരുന്ന ആളുകള്‍ കുട്ടി തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പിതാവിനെ കാണാതായതിനെ തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ 2.30ഓടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപ്പോഴേക്കും പിതാവ് കടയ്ക്ക് സമീപം തിരിച്ചെത്തിയിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തു. കാര്‍ഡുകള്‍ വാങ്ങാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് മകളെ വരിയില്‍ നിര്‍ത്തി വീട്ടിലേക്ക് പോയതെന്ന് ഇയാള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടിയോടുള്ള നിയമവിരുദ്ധ പെരുമാറ്റം ആരോപിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് പ്രാദേശിക തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ 40,000 ഡോളറിന്‍റെ ജാമ്യത്തില്‍ പുറത്തിറങ്ങി.