
അഫ്ഗാൻ സർവകലാശാലകളിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാന്‍റെ വിലക്ക്; 18 കോഴ്‌സുകളും റദ്ദാക്കി
കാബൂൾ: വീണ്ടും സ്ത്രീ വിരുദ്ധ നടപടിയുമായി താലിബാൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠ്യപദ്ധതി പരിഷ്ക്കരണത്തിന്‍റെ ഭാഗമായി സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നിരോധിച്ച് അഫ്ഗാനിസ്ഥാൻ സർക്കാർ. മനുഷ്യാവകാശങ്ങൾ, ലൈംഗിക പീഡനം, സ്ത്രീ പഠനം എന്നീ വിഷയങ്ങൾ ഉൾപ്പെടെ പതിനെട്ട് സർവകലാശാലാ കോഴ്‌സുകളും നീക്കം ചെയ്തു.
സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങളും ഇറാനിയൻ എഴുത്തുകാരുടെ അല്ലെങ്കിൽ പ്രസാധകരുടെ 310 പുസ്തകങ്ങളും അടക്കം 679 പുസ്തകങ്ങളും അഫ്ഗാനിസ്ഥാൻ നിരോധിച്ചതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഡപ്യൂട്ടി മന്ത്രി സിയാവുർ റഹ്മാൻ അരിയുബി ഒപ്പിട്ട കത്തിൽ താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ഈ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി പകരം ഇസ്ലാമിക നിയമവുമായി പൊരുത്തപ്പെടുന്ന പുസ്തകങ്ങൾ മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകിയതായാണ് വിവരം.