ട്രംപിന്‍റെ അധിക തീരുവ: ഇന്ത്യ-റഷ്യ-ചൈന സഖ്യമുണ്ടാകുന്നത് യുഎസിന് തിരിച്ചടി

തീരുവ പ്രഖ്യാപനം അമെരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ഏറ്റവും മോശം ഫലം നൽകുമെന്നും യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്‍
Former US national security adviser John Bolton

യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്‍

photo credit: cnn

Updated on

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയ തീരുമാനം അമെരിക്കയ്ക്കു തന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ട്രംപിന്‍റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുമെന്നും അമെരിക്കയ്ക്ക് എതിരെ ഈ മൂന്നു രാജ്യങ്ങളും ഒന്നിക്കുമെന്നും ജോൺ ബോൾട്ടൻ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തീരുവ പ്രഖ്യാപനം അമെരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ഏറ്റവും മോശം ഫലം നൽകുമെന്നും ജോൺ ബോൾട്ടന്‍ വ്യക്തമാക്കി. ഇന്ത്യയെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അകറ്റാനുള്ള അമെരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് അപകടത്തിലാക്കി. ഇന്ത്യയുമായുള്ള ബന്ധം മോശമാകാൻ ഇടയാക്കിയത് യുഎസിന്‍റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയായെന്നും ബാൾട്ടന്‍ പറഞ്ഞു.

ട്രംപിന് ചൈനയോട് മൃദു സമീപനമാണെന്നും ഒരേസമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്തത് ഇന്ത്യ മോശമായി പ്രതികരിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി കരാർ ഒപ്പിടാനുള്ള തിരക്കു മൂലം ട്രംപ് യുഎസിന്‍റെ താൽപര്യങ്ങളെ ബലി കഴിക്കുകയാണ്. ഇതു വഴി റഷ്യയ്ക്ക് അവരുടെ അജണ്ട നടപ്പാക്കാനും യുഎസ് ചുമത്തിയ ഉയർന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നും ബോൾട്ടൻ മുന്നറിയിപ്പു നൽകി.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി കരാറിൽ ഏർപ്പെടാനുള്ള തിടുക്കം മൂലം ട്രംപ് അമെരിക്കയുടെ താൽപര്യങ്ങളെ ബലി കഴിക്കുകയാണ് എന്ന് ബോൾട്ടൻ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്കു മേൽ അമെരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് എതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തിയത്. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവയായി. അമെരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com