ജെൻസൺ ഹുവാങിനെ തിരിച്ചെടുത്ത് എൻവിഡിയ

സിഇഒയും ബോർഡ് ഡയറക്റ്ററുമായി വീണ്ടും ചുമതല ഓഹരി വിലയിൽ വൻ കുതിപ്പ്
Nvidia brings back Jensen Huang

ജെൻസൺ ഹുവാങിനെ തിരിച്ചെടുത്ത് എൻവിഡിയ

Updated on: 

കാലിഫോർണിയ: എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ബോർഡ് ഡയറക്റ്ററായും ജെൻസൺ ഹുവാങിനെ വീണ്ടും നിയമിച്ചു. ഡയറക്റ്റർ ബോർഡ് ഏകകണ്ഠമായാണ് ഹുവാങിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. അമെരിക്കൻ സർക്കാരിന്‍റെയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് നടപടിയെന്നും, അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുണ്ടെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ ഇടക്കാല സിഇഒയായിരുന്ന കോളെറ്റ് ക്രെസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്തേക്ക് മടങ്ങും.

ഹുവാങ്ങുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിൽ അദ്ദേഹത്തിന്‍റെ നേതൃത്വശേഷിയിലും സത്യസന്ധതയിലും ബോർഡ് വീണ്ടും വിശ്വാസമർപ്പിക്കുകയായിരുന്നുവെന്ന് ബോർഡ് ചെയർമാൻ ഹാർവി സി. ജോനെസ് വ്യക്തമാക്കി. എൻവിഡിയയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ജെൻസൺ തന്നെയാണെന്ന് ബോർഡ് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തെ മികച്ച ടെക്നോളജി കമ്പനിയെ വീണ്ടും നയിക്കാനായതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഹുവാങ് ബോർഡിനോട് നന്ദി അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ 29.5 ശതമാനം ഉയർന്നു.

ചൈനീസ് ചാരവനിതയെന്ന് യുഎസ് ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള പ്രണയബന്ധം പുറത്തായതിനെത്തുടർന്നാണ് നേരത്തെ ജെൻസൺ ഹുവാങ് സിഇഒ സ്ഥാനവും ബോർഡ് അംഗത്വവും രാജിവെച്ചത്. പിന്നാലെ എൻവിഡിയയിലെ രണ്ട് ജീവനക്കാരികളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു. എൻവിഡിയയുടെ സഹസ്ഥാപകനായ ഹുവാങിന് കമ്പനിയിൽ 3.61 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.