
ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി
വാഷിങ്ടണ്‍: അമെരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്‌സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 25 ഓളം പെൺകുട്ടികളുമുണ്ട്.
പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെര്‍ കൗണ്ടിയില്‍ വെള്ളിയാഴ്ച ( July 04) രാത്രിയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്.
25 സെ.മീ. അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വൊള്ളം പൊങ്ങുകയായിരുന്നു. 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 30 അടിയോളം ഉയര്‍ന്നതോടെയാണ് പ്രളയമായി മാറിയത്.
14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, 9 രക്ഷാസേന സംഘം, 500-ഓളം രക്ഷാപ്രവര്‍ത്തകരുമായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണെന്ന് ടെക്‌സസ് ലെഫ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. ഇതുവരെ 237 ഓളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തിൽ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്. കൂടാതെ പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ടെക്‌സസിൽ വീണ്ടുമൊരു പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.