
statue of union
വാഷിങ്ടൺ: അമെരിക്കയിലെ ടെക്സസിൽ തൊണ്ണൂറ് അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചതിനെതിരേ വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ. അമെരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമാണെന്നും വ്യാജ ദൈവത്തെയും പ്രതിമയെയും സ്ഥാപിക്കാൻ അനുവദിക്കുന്നത് ശരിയല്ലെന്നും ഡങ്കൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ടെക്സസിലെ ഷുഗർലാൻഡിന് അടുത്തുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ''ഞങ്ങൾ ക്രൈസ്തവ രാഷ്ട്രമാണ്, വ്യാജ ദൈവവും പ്രതിമയും ഇവിടെ എന്തിനാണ്?'' എന്നാണ് ഡങ്കന്‍ ചോദിക്കുന്നത്.
ഡങ്കന്‍റെ പ്രസ്താവന ഹിന്ദു വിരുദ്ധവും പ്രകോപനപരമാണെന്നുമായിരുന്നു ഹിന്ദു അമെരിക്കൻ ഫൗണ്ടേഷന്‍റെ പ്രതികരണം. സംഭവം റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, നടപടി എടുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
റിപ്പബ്ലിക്കൻ നേതാവിന്‍റെ പരാമർശങ്ങൾക്കു പിന്നാലെ, അമെരിക്കൻ ഭരണഘടന ഏതു മതവും പിന്തുടരാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. 2024ൽ അനാച്ഛാദനം ചെയ്ത, സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന ഹനുമാൻ പ്രതിമ അമെരിക്കയിലെ ഏറ്റവും വലിയ പ്രതിമകളിലൊന്നാണ്.