ഇറാനെതിരേ സർവസജ്ജമായി ഇസ്രയേൽ; യുദ്ധഭീതിയിൽ ലോകം

കുറച്ച് സംസാരിക്കുക, ഒരുപാട് ചെയ്യുക -നെതന്യാഹു മന്ത്രിമാരോട്
Netanyahu
നെതന്യാഹു
Updated on

ഇറാൻ-ഇസ്രയേൽ യുദ്ധം അതിന്‍റെ ഉച്ചസ്ഥായിയിലേക്കു നീങ്ങുമെന്ന ആശങ്കയിലാണ് ലോകം. കൂടുതൽ അസ്ഥിരപ്പെടുത്തുന്നതും തികച്ചും നിഗൂഢവുമായ നീക്കങ്ങളിലൂടെയാകും ഇസ്രയേലിന്‍റെ മുന്നേറ്റം എന്നതാണ് ഇറാനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ഒക്റ്റോബർ ഒന്നിന് ഇറാൻ നടത്തിയ റോക്കറ്റ് പെരുമഴയ്ക്ക് എങ്ങനെ തിരിച്ചടിക്കണമെന്ന തീരുമാനത്തിലാണ് നെതന്യാഹു.

ഒരു വീഡിയോ സന്ദേശത്തിൽ നെതന്യാഹു തന്‍റെ മന്ത്രിമാർക്കു നൽകിയ സന്ദേശം : "കുറച്ച് സംസാരിക്കുക, ഒരുപാട് ചെയ്യുക"എന്നതാണ്. ഇതിൽ നിന്നും ഇറാനെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണെന്നും അവ മുൻകൂട്ടി അറിയുക അത്ര എളുപ്പമല്ലെന്നുമാണ് വ്യക്തമാകുന്നത്.

ഇസ്രയേൽ ഇപ്പോൾ സൈനിക പദ്ധതികളിലും ഊർജ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും ഇറാന്‍റ ആണവായുധ പദ്ധതിക്കെതിരെ ഇസ്രയേൽ ഇപ്പോൾ ആക്രമണം നടത്താൻ സാധ്യതയില്ലെന്നുമാണ് ഒരു വിദേശ മാധ്യമത്തോട് ഇസ്രയേലി സൈനിക സ്രോതസുകൾ പറഞ്ഞത്.

എന്നാൽ ഇറാന്‍റെ എണ്ണപ്പാടങ്ങൾക്കു നേരെ ഒരു ആക്രമണമോ അവയുടെ പണിമുടക്കോ ഇസ്രയേലിന്‍റെ പക്ഷത്തു നിന്നുണ്ടായാൽ അത് മിഡിൽ ഈസ്റ്റിനുമപ്പുറത്തേയ്ക്കു വ്യാപിക്കും. സാമ്പത്തികവും രാഷ്ട്രീയവുമായ വലിയ പ്രത്യാഘാതങ്ങളിലേയ്ക്ക് അത് വഴി തെളിക്കും.

അങ്ങനെയൊന്നുണ്ടായാൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വിനാശകരമായേക്കാവുന്ന അസംസ്കൃത എണ്ണയുടെ വില ഗൾഫ് രാജ്യങ്ങളിൽ വർധിക്കും. അതുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളെ ഉടനീളം ആക്രമിച്ചു കൊണ്ടായിരിക്കും തിരിച്ചടിക്കുക എന്ന് ഇറാൻ മുന്നറിയിപ്പു നൽകുന്നു.

വരുന്ന നവംബർ അഞ്ചിനു നടക്കാനിരിക്കുന്ന അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെയും ഇതു ബാധിക്കും. ഉയർന്ന എണ്ണവില ലോകമെമ്പാടും ഉണ്ടാകുന്നതോടെ യുഎസിൽ പമ്പ് വില കുത്തനെ ഉയർന്നേക്കാം.അത് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചു വരവിനും വഴിയൊരുക്കാനാണ് സാധ്യത.

ഇതിനൊപ്പമാണ് അമെരിക്ക ഇസ്രയേലിന് THAAD എന്ന നൂതന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം അയക്കുന്നത്. അതിന്‍റെ വിന്യാസം ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും ഇറാനെതിരെയുള്ള ഇസ്രയേൽ ഓപ്പറേഷന് ഇനി ദിവസങ്ങൾ മാത്രമേ ആയുസുണ്ടാവൂ എന്നാണ് യുദ്ധ വിദഗ്ധരുടെ നിരീക്ഷണം.

THAADന് ഓരോ ബാറ്ററിയും പ്രവർത്തിക്കാൻ 95 സൈനികരെ വേണം. അതിനർത്ഥം ഇതാദ്യമായി അമെരിക്കൻ സൈനികരും ഇസ്രയേൽ യുദ്ധഭൂമിയിൽ കാലെടുത്തു വച്ചു എന്നു തന്നെയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com