
അശ്ലീല വീഡിയോ പ്രചരിച്ചു; തായ് യുവതിക്ക് സൗന്ദര്യ റാണി കിരീടം നഷ്ടമായി
ബാങ്കോക്ക്: അശ്ലീല വീഡിയോ പ്രചരിച്ചതിനു പിന്നാലെ തായ് യുവതിക്ക് സൗന്ദര്യ റാണി കിരീടം നഷ്ടപ്പെട്ടു. ബേബി എന്നറിയപ്പെടുന്ന സുഫാനി നോയ്‌നോന്തോങ്ങിനാണ് വിജയ കിരീടം നഷ്ടമായത്. കിരീടം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് മിസ് നോയ്‌നോന്തോങ് ഒരു സെക്‌സ് ടോയ് ഉപയോഗിക്കുന്നതും ഇ-സിഗരറ്റ് വലിക്കുന്നതും അടിവസ്ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കിരീടം തിരിച്ചെടുക്കുകയായിരുന്നു.
തായ്‌ലൻഡിലെ മറ്റ് 76 പ്രവിശ്യകളിൽ നിന്നുള്ള മത്സരാർഥികൾക്കൊപ്പം ദേശീയ മിസ് ഗ്രാൻഡ് തായ്‌ലൻഡ് 2026 മത്സരത്തിൽ വിജയിച്ചാണ് നോയ്‌നോന്തോങ് വിജയ കിരീടം ചൂടിയത്. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ മത്സരത്തിന്‍റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാട്ടി മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സര കമ്മിറ്റി അവരുടെ കിരീടം അസാധുവാക്കുകായയിരുന്നു. കിരീടം ചൂടി ഒരു ദിവസത്തിന് ശേഷമാണ് അത് നഷ്ടപ്പെട്ടത്.
സൗന്ദര്യ കിരീടം ചൂടുന്നവർ പിന്തുടർന്നു പോരുന്ന മനോഭാവത്തിനും തത്വങ്ങൾക്കും വിപരീതമായ ചില പ്രവർത്തനങ്ങൾ കണ്ടെത്തിയതോടെ കിരീടം തിരിച്ചെടുക്കുകയാണെന്ന് കമ്മിറ്റി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, സംഘാടകരോടും പിന്തുണച്ചവരോടും യുവതി ക്ഷമാപണം നടത്തി. പ്രചരിക്കുന്ന ദൃശ്യങ്ങൾ പഴയതാണെന്നും കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ചെയ്തതാണെന്നും യുവതി വിശദീകരിച്ചു. കിടപ്പിലായ അമ്മയുടെ ചികിത്സക്കായാണ് ഇത് ചെയ്തതെന്നും എന്നാൽ അമ്മ പിന്നീട് മരിച്ചതായും യുവതി പറയുന്നു. എന്നാൽ ചില ഓൺലൈൻ റമ്മികൾ തന്‍റെ വീഡിയോ അനുവാദമില്ലാതെ ഉപയോഗിച്ചതായും അതിനെതിരേ പരാതി നൽകുമെന്നും യുവതി അറിയിച്ചു.