
യംഗൂൺ: മ്യാൻമറിലെ പുതിയ രൂപതയായ മിന്തത്തിന്‍റെ കത്തീഡ്രലായി നിശ്ചയിക്കപ്പെട്ട യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള പള്ളിയുടെ നേർക്ക് വ്യോമസേന ബോംബാക്രമണം നടത്തി. കഴിഞ്ഞ ഫെബ്രുവരി ആറിനു നടന്ന ബോംബാക്രമണത്തിൽ പള്ളിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഇപ്പോൾ മാത്രമാണ് ഈ വിവരം പുറത്തു വിട്ടതെന്ന് പ്രേഷിത വാർത്താ ഏജൻസിയായ ഫിദെസ് വെളിപ്പെടുത്തുന്നു.
അടുത്തയിടെയായി മ്യാൻമറിൽ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതിനാലും അരക്ഷിതാവസ്ഥ മൂലം വൈദികരോ വിശ്വാസികളോ ആ പള്ളിയിലോ പരിസര പ്രദേശങ്ങളിലോ ഇല്ലാതിരുന്നതിനാലും ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഫിദെസ് വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 25 നു മാത്രമാണ് ഫ്രാൻസിസ് പാപ്പ മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് മിന്തത്ത് രൂപത സ്ഥാപിക്കുകയും കത്തീഡ്രലായി അവിടെ ഉണ്ടായിരുന്ന തിരുഹൃദയ ദേവാലയം നിശ്ചയിക്കുകയും ചെയ്തത്. 3,60,000 നിവാസികളുള്ള മിന്തത്ത് രൂപതാ അതിർത്തിക്കുള്ളിൽ കത്തോലിക്കർ 15,000 മാത്രമേയുള്ളു.
ഇതിനിടെ, മ്യാൻമറിലെ യംഗൂൺ അതിരൂപതയിലെ കത്തോലിക്കാ മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരും ബുദ്ധ,ഇസ്ലാം, ഹൈന്ദവ വിശ്വാസികളും ചേർന്ന് ന്യവുംഗബെലിനിലെ ലൂർദ് നാഥയുടെ ദേവാലയത്തിലേയ്ക്ക് ഇക്കഴിഞ്ഞ ഒമ്പതാം തിയതി ഞായറാഴ്ച തീർഥാടനം നടത്തുകയും മ്യാൻമറിലും ലോകം മുഴുവനിലും ശാന്തിയുണ്ടാകുന്നതിനായി പ്രാർഥിക്കുകയും ചെയ്തു.