ലോക മതപാര്‍ലമെന്‍റിന് വത്തിക്കാനില്‍ വെളളിയാഴ്ച തുടക്കം

റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്സിറ്റി ഇന്‍റര്‍ഫെയ്സ് ഡയലോഗിന്‍റെ അധ്യക്ഷന്‍ ഫാ. മിഥിന്‍ ജെ. ഫ്രാന്‍സിസ് മോഡറേറ്ററായിരിക്കും.
The World Parliament of Religions began on Friday at the Vatican
റോം
Updated on

റോം: ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ വെളളിയാഴ്ച തുടക്കം കുറിക്കുന്ന ലോക മതപാര്‍ലമെന്‍റ് ചരിത്രസംഭവമാകും. ഡിസംബര്‍ 1 വരെ തുടരും. ശിവഗിരി മഠത്തില്‍ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ വ്യാഴാഴ്ച എത്തിച്ചേര്‍ന്നു. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാകും മുഖ്യലക്ഷ്യം. സമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിക്കും. സമ്മേളന തുടക്കത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാകും സമ്മേളനത്തുടക്കം.

പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിഡ് ചിറമേല്‍, സിഖ് ആചാര്യൻ രഞ്ജിത് സിങ്, ഡോ. എ.വി. അനൂപ്, കെ. മുരളീധരന്‍ മുരള്യ, ഡോ. സി.കെ. രവി , മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സച്ചിദാനന്ദ സ്വാമി തയാറാക്കിയ സര്‍വമത സമ്മേളനം എന്ന ഇറ്റാലിയന്‍ പരിഭാഷയും ഗുരുവും ലോകസമാധാനവും എന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും.

റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്സിറ്റി ഇന്‍റര്‍ഫെയ്സ് ഡയലോഗിന്‍റെ അധ്യക്ഷന്‍ ഫാ. മിഥിന്‍ ജെ. ഫ്രാന്‍സിസ് മോഡറേറ്ററായിരിക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാം, ജൂത മതപ്രതിനിധികള്‍ക്കു പുറമെ സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ഋതഭംരാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ധര്‍മചൈതന്യ സ്വാമി, അസംഗാനന്ദഗിരി സ്വാമി, സംഘാടക സെക്രട്ടറി വീരേശ്വരാനന്ദ സ്വാമി, ഹംസതീർഥ സ്വാമി, സ്വാമിനി ആര്യാനന്ദാ ദേവി തുടങ്ങിയവര്‍ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ചു പ്രസംഗിക്കും.

മത സമന്വയവും മത സൗഹാര്‍ദ്ദവും മുഖ്യഘടകമായി ഇന്ന് വൈകുന്നേരം വത്തിക്കാന്‍ സമയം 7ന് സ്നേഹവിരുന്ന് നടത്തും. 30നുളള സമ്മേളനത്തിലാകും മാര്‍മാപ്പയുടെ ആശീര്‍വാദ പ്രഭാഷണം. സമ്മേളനത്തില്‍ വത്തിക്കാനിലെ വിവിധ മത പ്രതിനിധികള്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിനുളള സമ്മേളനത്തില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുളളവര്‍ക്കു പുറമേ ഇറ്റലി, ബഹറിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലൻഡ്, യുഎഇ, ഇംഗ്ലണ്ട്, അമെരിക്ക തുടങ്ങി 15ൽപ്പരം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുതിർന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ഓൺലൈൻ എഡിറ്ററുമായ പി. ശ്രീകുമാറും പങ്കെടുക്കുന്നു.

വൈദിക വൃത്തിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായ മലയാളി കോട്ടയം ചങ്ങനാശേരി സ്വദേശി ജോര്‍ജ് ജേക്കബ് പൂവക്കാടിന്‍റെ നേതൃത്വത്തില്‍ കെ.ജി. ബാബുരാജന്‍ ബഹറിന്‍, (ചെയര്‍മാന്‍) ചാണ്ടി ഉമ്മന്‍ എംഎല്‍എ (ജനറല്‍ കണ്‍വീനര്‍), സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി) എന്നിവര്‍ പരിപാടികൾക്കു ചുക്കാൻ പിടിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com