
അന്തരിച്ച ഉറുഗ്വേയുടെ മുൻ പ്രസിഡന്‍റ് ഹൊസേ മൊഹിക
file photo
മോണ്ടിവിഡിയോ: ഉറുഗ്വേയുടെ മുൻ പ്രസിഡന്‍റ് ഹൊസേ മൊഹിക(89) അന്തരിച്ചു. ക്യാൻസർ ബാധിതനാണ് താനെന്ന് 2024ൽ അദ്ദേഹം അറിയിച്ചിരുന്നു. അന്നനാള അർബുദം പിന്നീട് കരളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. അവസാന കാലത്ത് ചികിത്സകൾ ഒഴിവാക്കി തന്‍റെ പ്രിയപ്പെട്ട ഫാം ഹൗസിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയായിരുന്നു മൊഹിക. ഉറുഗ്വേയുടെ പ്രസിഡന്‍റ് പദവിയിലായിരുന്നപ്പോഴും ആ ഫാം ഹൗസിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.
ഗറില്ലയിൽ നിന്ന് എളിമ നിറഞ്ഞ രാഷ്ട്ര പതിയിലേയ്ക്ക്
ഒരു കാലത്ത് ഗറില്ലാ പോരാളിയായിരുന്നു ഹൊസേ മൊഹീക. ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1960-70 കാലഘട്ടത്തിൽ സായുധ കലാപം ആരംഭിച്ച ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ പ്രധാനിയായി മൊഹീക മാറി. ഉറുഗ്വേയുടെ സൈനിക സ്വേച്ഛാധിപത്യ കാലത്ത് അദ്ദേഹം പിടിയിലായി. ഒന്നരപ്പതിറ്റാണ്ടോളം ജയിൽ വാസം അനുഭവിച്ചു. ഇതിൽ ഭൂരിഭാഗവും ഏകാന്ത തടവായിരുന്നു. 2020ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം ക്രൂരമായ ജയിലനുഭവങ്ങളെപ്പറ്റി പറയുന്നുണ്ട്. ആറുമാസത്തോളം തന്‍റെ കൈകൾ കമ്പിയിൽ കെട്ടിയിട്ടതും രണ്ടു വർഷത്തോളം ശുചിമുറിയിൽ പോകാൻ അനുവദിക്കാഞ്ഞതും അദ്ദേഹം ആ അഭിമുഖത്തിൽ അനുസ്മരിക്കുന്നുണ്ട്.
1985ൽ രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിച്ചപ്പോൾ ജയിൽ മോചിതനായ മൊഹീക പിന്നീട് മൂവ്മെന്‍റ് ഒഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ(എംപിപി) എന്ന സംഘടനയുടെ സഹസ്ഥാപകനായി.എംപിപി സ്ഥാനാർഥിയായി അദ്ദേഹം നിയമസഭയിലേയ്ക്ക് വിജയിച്ചു. 2010 മുതൽ 2015 വരെ അഞ്ചു വർഷക്കാലം ഉറുഗ്വേയുടെ പ്രസിഡന്‍റായി. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അദ്ദേഹം പ്രസിഡന്‍റ് പദവിയിലെത്തിയത്.
വിവാദ പരിഷ്കാരങ്ങളുടെ തോഴൻ
പ്രസിഡന്‍റ് പദവിയിൽ ഇരുന്ന കാലത്ത് അദ്ദേഹം ഉറുഗ്വേയെ സാമ്പത്തിക വളർച്ചയിലേയ്ക്ക് നയിച്ചു. ഗർഭാവസ്ഥയുടെ ആദ്യ നാളുകളിലുള്ള ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നിവ നിയമ വിധേയമാക്കിയതും മെഡിക്കൽ ആവശ്യത്തിനായല്ലാതെ വിനോദോപാധി എന്ന നിലയ്ക്ക് രാജ്യത്ത് ആദ്യമായി കഞ്ചാവ് നിയമ വിധേയമാക്കിയതും മൊഹീകയുടെ പരിഷ്കാരങ്ങളിൽ പെടുന്നു.ഇതോടെ ലോകത്ത് ആദ്യമായി കഞ്ചാവ് വിൽപന നിയമ വിധേയമാക്കിയ രാജ്യമായി ഉറുഗ്വേ മാറി.
അധികാരത്തിന്‍റേതായ യാതൊരു ആഡംബരവും മൊഹീകയെ ഭ്രമിപ്പിച്ചില്ല. പ്രസിഡന്‍റിന്‍റെ ആഡംബര വസതിയിൽ കഴിയാൻ വിസമ്മതിച്ച അദ്ദേഹം പകരം തലസ്ഥാനമായ മോണ്ടിവിഡിയോയിലെ ഒരു ഉൾഗ്രാമത്തിലുള്ള തന്‍റെ ഫാം ഹൗസിൽ ഭാര്യയോടൊപ്പം കഴിയാനാണ് അവസാനം വരെ ആഗ്രഹിച്ചതും കഴിഞ്ഞതും. കിട്ടിയ ശമ്പളത്തിന്‍റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചു. ചെടികളും പച്ചക്കറികളും വളർത്തി പരിപാലിച്ച് അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഫാമിന്‍റെ പൂർണ ചുമതല ഭാര്യയ്ക്ക് ആയിരുന്നു.
ഫോക്സ് വാഗന്‍റെ പഴയ ഒരു ബീറ്റിൽ കാറായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇത് സ്വയം തന്നെ ഓടിക്കുകയും ചെയ്തിരുന്നു. ട്രാക്റ്റർ ഓടിക്കുന്നതാണ് കാർ ഓടിക്കുന്നതിനെക്കാൾ തനിക്കു സന്തോഷം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഔപചാരിക വേഷമായ സ്യൂട്ടോ ടൈയോ അദ്ദേഹം ധരിച്ചിരുന്നില്ല. ഓഫീസ് ജീവനക്കാർ കഴിച്ചിരുന്ന ഹോട്ടലിൽ നിന്ന് അവർക്കൊപ്പം ആണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്.
എളിമയാർന്ന ഈ ജീവിതരീതി അദ്ദേഹത്തിന്‍റെ കീർത്തി ആഗോള തലത്തിൽ വളരാനിടയായി. ലാളിത്യത്തിന്‍റെയും സത്യസന്ധതയുടെയും ആഗോള പ്രതീകമായി അദ്ദേഹം ഉയർത്തപ്പെട്ടു.
അങ്ങനെയാണ് ലോകം അദ്ദേഹത്തെ ആദരപൂർവം "ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്‍റ്' എന്നു വിളിച്ചത്. എന്നാൽ അദ്ദേഹം അതിനോട് വിയോജിച്ചു. ഞാൻ ദരിദ്രനായ പ്രസിഡന്‍റല്ല, മറിച്ച് സമചിത്തതയുള്ള പ്രസിഡന്‍റാണ് എന്നാണ് അദ്ദേഹം ഇതിനോടു പ്രതികരിച്ചിരുന്നത്. ദരിദ്രനെന്നാൽ ധാരാളം ആവശ്യങ്ങളുള്ള ആളാണെന്നും തനിക്ക് വളരെ കുറച്ച് ആവശ്യങ്ങളേയുള്ളു എന്നും പ്രസിഡന്‍റാകും മുമ്പ് ജീവിച്ചതു പോലെ തന്നെയാണ് താൻ ഇപ്പോഴും ജീവിക്കുന്നതെന്നും ആയിരുന്നു അദ്ദേഹം തനിക്കു കിട്ടിയ വിശേഷണത്തിനെതിരെ നൽകിയ പ്രതികരണം.