

മഡുറോയെ യുഎസ് പിടികൂടിയ രഹസ്യ വിവരങ്ങൾ പന്തയം വെച്ചു
file photo
വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ യുഎസ് സൈന്യം പിടി കൂടുന്നതിനായി തയാറാക്കിയ രഹസ്യ വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പന്തയത്തിനായി പങ്കുവെച്ച് ലക്ഷക്കണക്കിനു ഡോളർ ലാഭം നേടിയ യുഎസ് സൈനികനെ അറസ്റ്റ് ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഈ വർഷം ജനുവരി മൂന്നിന് യുഎസ് സൈന്യം വെനസ്വേലയിൽ നടത്തിയ സൈനിക നീക്കത്തിൽ പങ്കാളിയായിരുന്ന യുഎസ് ആർമി സ്പെഷ്യൽ ഫോഴ്സിലെ മാസ്റ്റർ സർജന്‍റ് ഗന്നൺ കെൻ വാൻ ഡൈക്കിനെതിരേയാണ് ഗുരുതരമായ കുറ്റം ചുമത്തിയിട്ടുള്ളത്.
പോളീമാര്‍ക്കറ്റ് എന്ന ഓണ്‍ലൈന്‍ പ്രവചന പ്ലാറ്റ്ഫോമിലൂടെയാണ് ഈ സൈനികൻ രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് പന്തയം വെച്ചത്. സ്വന്തം ലാഭത്തിനായി സർക്കാർ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്തത് ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് വാൻ ഡൈക്കിനെതിരേ ചുമത്തിയിരിക്കുന്നത്. വയർ ഫ്രോഡ്,കൊമോഡിറ്റീസ് ഫ്രോഡ്, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഗ്രാൻഡ് ജൂറി ഇയാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. രഹസ്യ വിവരങ്ങൾ സ്വകാര്യ വ്യക്തികൾ തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് എതിരായ ഗുരുതര ലംഘനമാണെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. മഡുറോയെ പിടികൂടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സൈനികൻ പോളിമാർക്കറ്റിൽ 33,000 ഡോളർ നിക്ഷേപിച്ചു. ഇതാണ് നാലു ലക്ഷം ഡോളർ ലാഭമുണ്ടാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.