

പെട്രോയുമായി അനുനയനീക്കത്തിന് ട്രംപ്
FILE PHOTO
വാഷിങ്ടൺ: കൊളംബിയയും അമെരിക്കയും തമ്മിൽ താൻ സൃഷ്ടിച്ച സംഘർഷാവസ്ഥയ്ക്ക് സ്വയം പരിഹാരമൊരുക്കി ട്രംപ്. വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊളംബിയയ്ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തു വന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം കൊളംബിയയോടു മയപ്പെട്ട നിലപാടു സ്വീകരിക്കുന്നതായി സൂചന.
യുഎസ്-കൊളംബിയ സംഘർഷത്തിൽ ഇത് ചെറിയൊരു അയവിനിടയാക്കി എന്ന് അന്താരാഷ്ട്ര വിദഗ്ധർ വ്യക്തമാക്കുന്നു. കൊളംബിയൻ പ്രസിഡന്‍റുമായി ട്രംപ് ടെലഫോണിൽ സംസാരിച്ചു. ഇതിനു പിന്നാലെ കൊളംബിയൻ പ്രസിഡന്‍റിനുള്ള യുഎസ് യാത്രാവിലക്കു പിൻവലിക്കുമെന്നും വാർത്തകളുണ്ട്. അടുത്ത മാസം കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ അമെരിക്ക സന്ദർശിക്കും.
വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ പിടികൂടിയ യുഎസ് നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച രാഷ്ട്രത്തലവനാണ് പെട്രോ. ബുധനാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും പരസ്പരം അഭിനന്ദിച്ചു.യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊളംബിയയ്ക്കെതിരെ സൈനിക നീക്കം നടത്തുമെന്ന ഭീഷണി ശക്തമാക്കിയതോടെയാണ് പെട്രോ അയഞ്ഞതെന്നാണ് സൂചന. അമെരിക്കയുമായി തുറന്ന ആശയവിനിമയം നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യം പെട്രോ വ്യക്തമാക്കി.
മയക്കുമരുന്നു വിരുദ്ധ പ്രവർത്തനങ്ങളിൽ വാഷിങ്ടണുമായി തന്‍റെ സർക്കാർ സഹകരിക്കാൻ ശ്രമിക്കുമെന്നാണ് പെട്രോ ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്. നേരത്തെ നിലവിലില്ലാതിരുന്ന ഒരു ആശയവിനിമയ മാർഗം എന്നാണ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് പെട്രോ പറഞ്ഞത്. മുമ്പ് ഇരു ഗവണ്മെന്‍റുകളും തങ്ങളുടെ വിവരങ്ങൾ അനൗദ്യോഗിക ചാനലുകളിലൂടെയാണ് കൈമാറിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.