
And then there were none (പിന്നെ അവിടെ ആരുമുണ്ടായില്ല) എന്ന പേരിലൊരു നോവലുണ്ട്. എഴുതിയത് ഡിറ്റക്റ്റിവ് നോവലിസ്റ്റ് അഗത ക്രിസ്റ്റി. ഈ നോവലിന്‍റെ പേരിനോടാണ് ഇപ്പോൾ ചൈനീസ് മന്ത്രിസഭയെ റഹം ഇമ്മാനുവൽ ഉപമിക്കുന്നത്. ജപ്പാനിലെ യുഎസ് അംബാസഡറാണ് റഹം ഇമ്മാനുവൽ.
ചൈനീസ് സർക്കാരിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന പലരെയും പൊടുന്നനെ കാണാതാകുന്നു എന്ന റിപ്പോർട്ടുകളാണ് റഹം ഇമ്മാനുവലിനെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
വിദേശകാര്യ മന്ത്രിയായിരുന്ന കിൻ ഗാങ് എവിടെയാണെന്ന് ആർക്കുമറിയില്ല. പിന്നെ റോക്കറ്റ് ഫോഴ്സ് കമാൻഡർമാരെ കാണാതായി. ഇപ്പോഴിതാ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെയും കാണാതായിരിക്കുന്നു- റഹം ഇമ്മാനുവൽ എക്സ് പ്ലാറ്റ്‌ഫോമിൽ എഴുതി.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഐക്യത്തിനും സ്ഥിരതയ്ക്കും ആഹ്വാനം നൽകിയതിനു പിന്നാലെയാണ് ലിയുടെ തിരോധാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നത്.
ഓഗസ്റ്റ് 29ന് ബീജിങ്ങിൽ നടത്തിയ മൂന്നാം ചൈന-ആഫ്രിക്ക സമാധാന സുരക്ഷാ ഫോറമാണ് ലി അവസാനം പങ്കെടുത്ത പൊതുചടങ്ങ്.
വിദേശകാര്യ മന്ത്രി കിൻ ഗാങ്ങിന്‍റെ കാര്യത്തിൽ, ഷി ജിൻപിങ് നേരിട്ട് പുറത്താക്കിയതാണെങ്കിൽ, ലി കിയാങ്ങിന്‍റെ കാര്യത്തിൽ അങ്ങനെയൊരുമൊരു ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല.
അഞ്ച് വർഷം മുൻപ് സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ അഴിമതി നടന്നു എന്ന് ആരോപണമുയർന്നിരുന്നു. ഇതെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും തിരോധാനം.