

റോഹിങ്ക‍്യൻ അഭയാർഥികൾ
ഹേഗ്: 2017ൽ മ‍്യാൻമാർ ഭരണകൂടം നടത്തിയ സൈനിക നടപടികൾക്കിടെ റോഹിങ്ക‍്യൻ ന‍്യൂനപക്ഷത്തിനെതിരേ വംശഹത‍്യ നടത്തിയെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന‍്യായ കോടതി. 15 ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആദ‍്യമായാണ് അന്താരാഷ്ട്ര നീതിന‍്യായ കോടതി വംശഹത‍്യയ്ക്ക് ഒരു രാജ‍്യത്തെ കുറ്റക്കാരായി കണ്ടെത്തുന്നത്.
6നെതിരേ 9 വോട്ടുകൾക്കാണ് ഈ തീരുമാനത്തിലെത്തിയതെന്ന് അന്താരാഷ്ട്ര നീതിന‍്യായ കോടതി പ്രസിഡന്‍റ് യുജി ഇവാസാവ പറഞ്ഞു. മ‍്യാൻമാറിലെ സുരക്ഷാ സേന ആയിരക്കണക്കിന് റോഹിങ്ക‍്യൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നും വ‍്യാപകമായി ലൈംഗികാതിക്രമങ്ങൾ നടന്നതായും കുട്ടികൾ അടക്കമുള്ളവർക്കെതിരേ ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടതായും കോടതി കണ്ടെത്തിയെന്ന് യുജി ഇവാസാവ കൂട്ടിച്ചേർത്തു.
ഗാസയിലെ സംഘർഷങ്ങളും ഉക്രൈയിനിലെ യുദ്ധവുമായി ബന്ധപ്പെട്ട വംശഹത‍്യാ ആരോപണങ്ങളും അന്താരാഷ്ട്ര നീതിന‍്യായ കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സാഹചര‍്യത്തിലാണ് ഇത്തരത്തിലൊരു വിധി വന്നിരിക്കുന്നത്.
റോഹിങ്ക‍്യൻ പൗരന്മാർക്ക് അവരുടെ താമസസ്ഥലങ്ങളിലേക്ക് സ്വമേധയാ സുരക്ഷിതമായി മടങ്ങിയെത്താൻ അനുവദിക്കണമെന്നും നഷ്ടപരിഹാര നടപടികൾ സ്വീകരിക്കണമെന്നും കോടതി മ‍്യാൻമാർ ഭരണകൂടത്തോട് ഉത്തരവിട്ടു. കോടതിയുടെ തുടർനടപടിയിലായിരിക്കും നഷ്ടപരിഹാര തുക എത്രയെന്ന കാര‍്യം തീരുമാനിക്കുക. വംശഹത‍്യ നടത്തിയതായി കണ്ടെത്തിയവരെ അന്വേഷണത്തിന് വിധേയരാക്കി നിയമനടപടി സ്വീകരിച്ച് ശിക്ഷിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.