അഫ്ഗാനിലേക്ക് വരൂ; വിനോദസഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

പ്രൈമറി സ്കൂളുകളിൽ പോലും പെൺകുട്ടികൾക്ക് വിലക്കു കൽപ്പിച്ചിരിക്കുന്ന ഒരു നാട്ടിൽ ചെന്ന് എങ്ങനെയാണ് അവധിക്കാലം ആസ്വദിക്കുകയെന്ന് വിമർശകർ ചോദിക്കുന്നു.
Tourists are trickling into Afghanistan; Taliban government eager to welcome them

അഫ്ഗാനിലേക്ക് വരൂ; വിനോദസഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

Updated on

കാബൂൾ: അഫ്ഗാനിസ്ഥാനിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി താലിബാൻ. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഭീകരസംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തത്. മറ്റു രാജ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പോലും താലിബാൻ അഫ്ഗാനിൽ സ്വന്തമായി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി അഫ്ഗാൻ വാതിലുകൾ തുറന്നിടുന്നതായി ടൂറിസം മന്ത്രി ഖുദ്രത്തുള്ള ജമാലാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വീകരിക്കാൻ അഫ്ഗാനികൾ കാത്തിരിക്കുകയാണെന്നാണ് താലിബാൻ മന്ത്രി പറയുന്നത്.

വിനോദസഞ്ചാരം ഒരു രാജ്യത്തിന് നിരവധി പ്രയോജനങ്ങൾ നൽകാറുണ്ട്, അഫ്ഗാനിസ്ഥാനും ഈ പ്രയോജനം പൂർണമായും സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.

ഭൂരിപക്ഷം രാജ്യങ്ങളുടെയും വലിയ വരുമാന മാർഗമാണ് ടൂറിസം. പക്ഷേ സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും അനുവദിക്കാത്ത താലിബാൻ ഭരണകൂടം ടൂറിസത്തെ എങ്ങനെ വികസിപ്പിക്കുമെന്നത് സംശയമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ കൊണ്ടു തന്നെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോൾ അഫ്ഗാൻ. വിദേശനാണ്യം നേടുന്നത് പോലും പ്രയാസമാണെന്നിരിക്കേ എങ്ങനെയാണ് തീർത്തും തകർന്നു താറുമായ വിനോദഞ്ചാര മേഖലയെ പുനർജനിപ്പിക്കുകയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചോദിക്കുന്നു. എന്നാൽ അഫ്ഗാനിപ്പോഴും ചെറുതല്ലാത്ത വരുമാനം വിനോദസഞ്ചാര മേഖലയിലൂടെ നേടുന്നുണ്ടെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.

രാജ്യത്തേക്കുള്ള ഗതാഗതതടസങ്ങൾ നീക്കുന്നതിൽ അഫ്ഗാൻ ഏറെക്കുറേ വിജയിച്ചിട്ടുണ്ട്. ദുബായ്, ഇസ്താംബുൾ എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ പല തവണ അഫ്ഗാനിലേക്ക് വിമാന സർവീസ് ഉണ്ട്. അതു മാത്രമല്ല വിസാ നടപടികൾ താരതമ്യേന ലളിതവുമാണ്. വിനോദസഞ്ചാര മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും കൂടുതൽ പേർക്ക് പരിശീലനം ഉറപ്പാക്കാനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഇവിടെയെല്ലാം പുരുഷന്മാർക്ക് മാത്രമേ പരിശീലനം ലഭിക്കുകയുള്ളൂ എന്നു മാത്രം. കഴിഞ്ഞ വർഷം മാത്രം അഫ്ഗാനിലെത്തിയത് 9,000 വിദേശികളാണ്. ഈ വർഷം തുടക്കത്തിൽ 3000 പേർ അഫ്ഗാനിലെത്തി.

പല രാഷ്ട്രങ്ങളും ഇപ്പോഴും അഫ്ഗാനിലേക്ക് പോകുന്നതിൽ നിന്ന് പിന്മാറാൻ സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാലു ദശകത്തോളമാണ് അഫ്ഗാൻ താലിബാനുമായി നിരന്തരമായ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നത്. ചാവേർ ആക്രമണങ്ങളും സ്ഫോടനങ്ങളും അക്കാലത്ത് പതിവായിരുന്നു. 2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തത് ലോകത്തെ മുഴുവൻ നടുക്കിയിരുന്നു. പക്ഷേ അതോടെ സ്ഫോടനങ്ങളും ആക്രമണങ്ങളും ഏറെക്കുറേ ഇല്ലാതായി.

പ്രൈമറി സ്കൂളുകളിൽ പോലും പെൺകുട്ടികൾക്ക് വിലക്കു കൽപ്പിച്ചിരിക്കുന്ന ഒരു നാട്ടിൽ ചെന്ന് എങ്ങനെയാണ് അവധിക്കാലം ആസ്വദിക്കുകയെന്ന് വിമർശകർ ചോദിക്കുന്നു.

അഫ്ഗാനിലെ പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് പ്രവേശനമില്ല. ബ്യൂട്ടി പാർലറുകൾ പ്രവർത്തിക്കുന്നില്ല. പൊതു ഇടങ്ങളിൽ സ്ത്രീകൾ മുഖവും ശരീരവും പൂർണമായി മറയ്ക്കണമെന്ന് കർശന നിർദേശമുണ്ട്.

വിനോദസഞ്ചാരത്തിൽ സ്ത്രീകൾക്ക് നിരോധനമുണ്ടോ എന്നതിൽ താലിബാൻ വ്യക്തത വരുത്തിയിട്ടില്ല. ഞങ്ങളുടെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവർക്ക് വരാം എന്നാണ് ടൂറിസം മന്ത്രി പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com