
റഷ്യ-യുക്രെയ്ൻ ഡ്രോൺ ആക്രമണം അതിശക്തം
photo: AP
കീവ്: അമെരിക്ക സമാധാന ശ്രമത്തിനുള്ള നീക്കം നടത്തുന്നതിനിടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഇരു രാജ്യങ്ങളും പരസ്പരം വ്യാപകമായി ഡ്രോൺ ആക്രമണം നടത്തുന്നതിനിടെ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ടു യുക്രെയ്നികൾക്ക് ദാരുണാന്ത്യം.
റഷ്യൻ സൈന്യം രാത്രിയിൽ ഉക്രെയ്‌നിലുടനീളം നിരവധി വ്യോമാക്രമണങ്ങൾ നടത്തി, സുമി, ഒഡെസ, ക്രാമറ്റോർസ്ക് നഗരങ്ങളിൽ ആക്രമണം നടത്തി, ഒരു കുട്ടി കൊല്ലപ്പെടുകയും കുറഞ്ഞത് 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്നിലേയ്ക്ക് 426 ഡ്രോണുകളും 24 മിസൈലുകളും റഷ്യ വർഷിച്ചു. റഷ്യൻ ഡ്രോണുകളിൽ പകുതിയോളം ലക്ഷ്യം കാണും മുമ്പ് തന്നെ തകർത്തതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. റഷ്യയോട് യുദ്ധം ചെയ്യാനായി നാറ്റോ വഴി യുക്രെയ്നിന് ആയുധങ്ങൾ നൽകാമെന്ന് യുഎസ് വാഗ്ദാനം ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം ചേരാൻ ഇരിക്കെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. റഷ്യയ്ക്കു മേലുള്ള യുക്രെയ്നിന്‍റെ തിരിച്ചടി മോസ്കോയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഡ്രോൺ ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ പലതും റദ്ദാക്കി.
സംഘർഷം തുടരുന്നതിനിടെ യുക്രെയ്നും റഷ്യയും തമ്മിൽ സമാധാന ചർച്ചകൾക്കുള്ള നീക്കവും സജീവമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇസ്താംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്ചകൾക്കു ശേഷമാണ് യുക്രെയ്നും റഷ്യയും തമ്മിൽ ചർച്ചയ്ക്ക് വീണ്ടും വഴി തെളിയുന്നത്.
അൻപതു ദിവസത്തിനുള്ളിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ്
വ്ലാഡിമിർ പുടിനു മേൽ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ചർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നത്.