
വാഷിങ്ടൺ: അമെരിക്കൻ സേനയിൽ ട്രാൻസ് വിഭാഗത്തെ സൈന്യത്തിൽ എടുക്കുന്നതിനു വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ് കോടതി തടഞ്ഞു. ട്രംപിന്‍റെ ഉത്തരവ് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശം കവർന്നെടുക്കുന്നതാണ് എന്ന് ഉത്തരവ് തടഞ്ഞു കൊണ്ടുള്ള വിധിന്യായത്തിൽ ജഡ്ജ് അന റെയ്സ് പറഞ്ഞു.
" ഈ തീരുമാനം സാമൂഹിക തലത്തിൽ വാദപ്രതിവാദങ്ങൾ സൃഷ്ടിക്കുമെന്നറിയാം. ജനാധിപത്യ സംവിധാനത്തിൽ അത് സ്വാഭാവികമാണ്. സമൂഹത്തിൽ എല്ലാവരും ബഹുമാനത്തിന് അർഹരാണ്'. ജഡ്ജി വിധിന്യായത്തിൽ പ്രസ്താവിച്ചു.
കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് യുഎസ് സൈന്യത്തിലെ ലഫ്റ്റനന്‍റ് കേണലും ട്രാൻസ്ജെൻഡറുമായ നിക്കൊളാസ് ടൽബോട്ട് പറഞ്ഞു. കോടതി ഉത്തരവിനെ ട്രംപിന്‍റെ ഡപ്യൂട്ടി ചീഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ വിമർശിച്ചു.
ജനുവരി 27ന് പ്രസിഡന്‍റ് പുറത്തിറക്കിയ ഉത്തരവിൽ ലിംഗസ്വത്വം സൈനികരുടെ ആത്മാർഥതയെയും അച്ചടക്കത്തെയും സ്വാധീനിക്കുമെന്നും ട്രാൻസ്ജെൻഡർ സ്വത്വം അതിനു തടസമാണെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജൻഡർ ഡിസ്ഫോറിയ ഉള്ളവരെ
സൈന്യത്തിൽ നിന്നു പുറത്താക്കിക്കൊണ്ട് പ്രതിരോധ സെക്രട്ടറിയും ഉത്തരവിറക്കിയിരുന്നു.