യാത്രാവിലക്ക്; ഇറാൻ ആണവ മേധാവി ഐഎഇഎ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സൂചന

ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം വഷളാകുന്നതിന്‍റെ മറ്റൊരു സൂചനയാണ് ഇസ്‌ലാമിയുടെ അഭാവമെന്നാണ് വിലയിരുത്തൽ
The headquarters of the International Atomic Energy Agency in Vienna, Austria.

ഓസ്ട്രിയയിലെ വിയന്നയിലുള്ള ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആസ്ഥാനം

Updated on

വിയന്ന: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐഎഇഎ) വാർഷിക ജനറൽ കോൺഫറൻസിൽ ഇറാൻ ആണവോർജ സംഘടനാ മേധാവി മുഹമ്മദ് ഇസ്‌ലാമി പങ്കെടുക്കില്ലെന്ന് സൂചന. വർഷങ്ങളായി സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇസ്‌ലാമിക്ക് അന്താരാഷ്ട്ര യാത്രാവിലക്ക് നിലവിലുള്ളതിനാലാണ് ഇത്തവണ പങ്കെടുക്കാൻ കഴിയാത്തതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം വഷളാകുന്നതിന്‍റെ മറ്റൊരു സൂചനയാണ് ഇസ്‌ലാമിയുടെ അഭാവമെന്നാണ് വിലയിരുത്തൽ. ജൂലൈയിൽ വെടിനിർത്തൽ കരാർ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടിയിരുന്നു.

ഇസ്‌ലാമിക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി യാത്രാവിലക്കിൽ ഇളവ് അനുവദിക്കണമെന്ന് ഓസ്ട്രിയ യുഎൻ ഉപരോധ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

ആതിഥേയ രാജ്യമെന്ന നിലയിൽ, ഉപരോധം നേരിടുന്ന ഉദ്യോഗസ്ഥർക്ക് യുഎൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ യാത്രാവിലക്കിൽ ഇളവ് അനുവദിക്കണമെന്ന് ഓസ്ട്രിയയ്ക്ക് ആവശ്യപ്പെടാനുള്ള വ്യവസ്ഥയുണ്ട്.

2025 ജൂണിൽ ഇസ്രയേലും യുഎസും ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രങ്ങളിലേക്ക് ഐഎഇഎ ഇൻസ്പെക്റ്റർമാരെ പ്രവേശിപ്പിക്കാൻ ഇറാൻ അനുവദിച്ചിട്ടില്ല. ആണവായുധ വ്യാപന നിരോധന ഉടമ്പടി പ്രകാരം ഐഎഇഎയുമായി സഹകരിക്കാൻ ഇറാന് നിയമപരമായ ബാധ്യതയുണ്ടെങ്കിലും ഇതുവരെ പ്രവേശനം അനുവദിക്കാൻ കൂട്ടാക്കിയിട്ടില്ല. ജൂണിലെ ബോംബാക്രമണത്തിന് ശേഷം ആയുധനിർമാണ നിലവാരത്തിന് അടുത്തെത്തിയ യുറേനിയം ശേഖരത്തിന്‍റെ നിലവിലെ സ്ഥിതിയും ഐഎഇഎയ്ക്ക് സ്ഥിരീകരിക്കാനായിട്ടില്ല.

ഐഎഇഎയുടെ കണക്കനുസരിച്ച് 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്‍റെ കൈവശമുണ്ട്. 90 ശതമാനമാണ് ആയുധനിർമാണ നിലവാരത്തിലുള്ള സമ്പുഷ്ടീകരണത്തിന്‍റെ തോത്. ആണവായുധങ്ങൾ വികസിപ്പിക്കാൻ തങ്ങൾ ശ്രമിക്കുന്നില്ലെന്നും ആണവ പദ്ധതി പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നുമാണ് ഇറാന്‍റെ നിലപാട്.

അതേസമയം, ഇസ്‌ലാമി സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതിന് വിരുദ്ധമായി, അദ്ദേഹം ശനിയാഴ്ച ടെഹ്‌റാനിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ടതായി ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഐഎഇഎ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് അദ്ദേഹം വിയന്നയിലേക്ക് പോയതെന്നാണ് റിപ്പോർട്ട്. 2021ൽ ഇറാൻ ആണവോർജ സംഘടനയുടെ മേധാവിയായി ചുമതലയേറ്റതുമുതൽ ഐഎഇഎ ജനറൽ കോൺഫറൻസിൽ അദ്ദേഹം പതിവായി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com