
ലോസ് ആഞ്ചലിസിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ മറീനുകളെ ഇറക്കി ട്രംപ് സർക്കാർ
getty image
ലോസ് ആഞ്ചലസ്: കുടിയേറ്റ നയത്തിനെതിരേ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ മറീനുകളെ ഇറക്കി ട്രംപ് സർക്കാർ. ഇവർക്കൊപ്പം 2000 നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി വിന്യസിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആദ്യം ഉത്തരവിട്ട 2000 നാഷണൽ ഗാർഡുകൾ ഞായറാഴ്ച സംഘർഷ ബാധിത പ്രദേശത്ത് എത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തര സുരക്ഷാ വിഭാഗം വ്യാപകമായി റെയ്ഡ് തുടങ്ങിയതിനു പിന്നാലെയാണ് ലോസ് ആഞ്ചലസിൽ പ്രക്ഷോഭം ഉടലെടുത്തത്. നാലു ദിവസം പിന്നിട്ട പ്രക്ഷോഭം നേരിടാൻ സംസ്ഥാന പൊലീസുമുണ്ട്. പൊലീസ് നടപടിയെ പിന്തുണയ്ക്കാനെന്നു പറഞ്ഞാണ് മറീനുകളെ ഇറക്കിയത്. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സർക്കാരിന്‍റെ എതിർപ്പിനെ മറികടന്നാണ് നടപടി.
പ്രക്ഷോഭം അമർച്ച ചെയ്യാനുള്ള ഫെഡറൽ സർക്കാരിന്‍റെ നടപടികളെ ചെറുത്താൽ കാലിഫോർണിയ ഗവർണർ ഗാവിന്‍ ന്യൂസമിനെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പബ്ലിക്കനായ ട്രംപ് ഭീഷണിപ്പെടുത്തി. അതേ സമയം, നാഷണൽ ഗാർഡിനെയും മറീനുകളെയും ഇറക്കാനുള്ള ട്രംപ് സർക്കാരിന്‍റെ നടപടിക്കെതിരെ കാലിഫോർണിയ കോടതിയിൽ പോയി.
ഇതിനിടെ, ന്യൂയോർക്ക്, ഫിലാദൽഫിയ, സാൻ ഫ്രാൻസിസ്കോ, ഓസ്റ്റിൻ തുടങ്ങി ഒൻപത് നഗരങ്ങളിലേക്കു കൂടി തിങ്കളാഴ്ച പ്രക്ഷോഭം പടർന്നു. ടെക്സസിലെ ഓസ്റ്റിനിൽ പൊലീസും പ്രക്ഷോഭകരും ഏറ്റു മുട്ടി.
അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് പിടികൂടിയവരെ പാർപ്പിച്ചിരിക്കുന്ന തടവറകൾക്കു മുമ്പിൽ മെക്സിക്കൻ, മധ്യ അമെരിക്കൻ പതാകകളുമായി കൂടിയ പ്രക്ഷോഭകർ അവരെ വിട്ടയയ്ക്കുക എന്ന മുദ്രാവാക്യവുമായി തടിച്ചു കൂടി.